ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ നേപ്പാള്‍: ആദ്യ മത്സരം നെതര്‍ലന്‍ഡിനെതിരെ

കാഠ്മണ്ഡു: ഐസിസി ഏകദിന പദവി ലഭിച്ചതിന് പിന്നാലെ അരങ്ങേറ്റ മത്സരത്തിനൊരുങ്ങുന്ന നേപ്പാള്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ മത്സരം നെതര്‍ലന്‍ഡുമായി നടക്കും. ഓഗസ്റ്റ് ഒന്ന്, മൂന്ന് തീയതികളിലായി രണ്ട് മത്സരങ്ങളുടെ പരമ്പരയാണ് ലക്ഷ്യമിടുന്നത്. നെതര്‍ലന്‍ഡില്‍ വെച്ചായിരിക്കും ഏകദിന പരമ്പര നടക്കുക. എന്നാല്‍ ഏതൊക്കെ സ്റ്റേഡിയങ്ങളാകും ഇതിനായി തെരഞ്ഞെടുക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

മാര്‍ച്ചില്‍ സിംബാബ്‌വെയില്‍ വെച്ചുനടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. 2013 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനുശേഷം നെതര്‍ലന്‍ഡ് ഒരു ഏകദിന പരമ്പരയ്ക്ക് ഇതുവരെ ആതിഥ്യം വഹിച്ചിട്ടില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവര്‍ ഏകദിന മത്സരം കളിക്കാന്‍ തയ്യാറെടുക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. നേരത്തെ 2014 ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം നഷ്ടമായ ഏകദിന പദവി അടുത്തിടെയാണ് നെതര്‍ലന്‍ഡിന് തിരിച്ചുകിട്ടിയത്.

ഒരിടവേളയ്ക്ക് ശേഷം സ്വന്തം മണ്ണില്‍ ഏകദിന മത്സരങ്ങള്‍ തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് നെതര്‍ലന്‍ഡ് പരിശീലകന്‍ റിയാന്‍ ക്യാംപ്‌ബെല്‍ പ്രതികരിച്ചു. ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന നേപ്പാളിനെ ഞങ്ങള്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. 2013 ന് ശേഷം ഇവിടെ നടക്കാന്‍ പോകുന്ന ആദ്യ ഏകദിനം കൂടിയാണിത്. സന്ദീപ് ലാമിച്ചാനെ ഉള്‍പ്പെടെയുള്ള മികച്ച കളിക്കാരുടെ നിരയാണ് നേപ്പാളിന്റേത്. അവര്‍ ഇവിടെയെത്തുന്നത് അഭിമാനമുണ്ട്, ക്യാംപ്‌ബെല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം പതിപ്പില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ വലങ്കയ്യന്‍ സ്പിന്നറാണ് ലാമിച്ചാനെ.

DONT MISS
Top