എബിഡി: സമാനതകളില്ലാത്ത പ്രതിഭാസം

എബി ഡിവില്ലിയേഴ്‌സ് ക്രിക്കറ്റിനോട് വിടപറഞ്ഞത് ആരാധകരെ ഞെട്ടിച്ചുകളഞ്ഞു. ലോക ക്രിക്കറ്റിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴുള്ള ഈ വിരമിക്കലിനോട് അദ്ദേഹത്തിന് തന്നെ നീതി പുലര്‍ത്താന്‍ കഴിഞ്ഞുവോ എന്നത് സംശയമാണ്. ആധുനിക ക്രിക്കറ്റിലെ സമാനതകളില്ലാത്ത ബാറ്റ്‌സ്മാന്‍ എന്ന വിശേഷണങ്ങള്‍ പൊതിയുമ്പോഴും ഇത്തരത്തില്‍ പിന്‍വാങ്ങാന്‍ എബിഡിയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ.

ഏകദിനത്തില്‍ ഏറ്റവും വേഗതയേറിയ അര്‍ദ്ധ സെഞ്ച്വറിയും സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലാണ്. 16 പന്തില്‍ അര്‍ദ്ധ സെഞ്ച്വറിയും 31 പന്തില്‍ സെഞ്ച്വറിയുമടിച്ച എബിഡി മാജിക് ഇനി കാണാന്‍ സാധിക്കില്ല. അതിവേഗത്തില്‍ 150 കടന്നതും മറ്റാരുമല്ല. വെറും 64 പന്തില്‍! ടെസ്റ്റിലും ഏകദിനത്തിലും അമ്പത് റണ്‍സിലേറെയാണ് അദ്ദേഹം നിലനിര്‍ത്തിയ ശരാശരി.

സ്ഥിരതയിലും ക്ലാസിലും സാങ്കേതികമികവിലും വിരാട് കോലിയുമായും സ്മിത്തുമായും റൂട്ടുമായും വാര്‍ണറുമായും താരതമ്യം ചെയ്യുമ്പോഴും ഇവരിലാര്‍ക്കുമില്ലാത്ത ഒരു മാസ്മരിക പ്രഭാവം എബിഡി സൃഷ്ടിച്ചിരുന്നു. പന്തിനോടുള്ള പ്രതികരണത്തിന്റെ വേഗത്തില്‍ മറ്റൊരെയും കവച്ചുവച്ചിരുന്നു അദ്ദേഹം. അതുകൊണ്ടുകൂടിയാണ് മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഏത് തരം ബോളുകളും അതിവേഗം പായിക്കാന്‍ കഴിഞ്ഞിരുന്നത്. ഫീല്‍ഡര്‍മാരെ കബളിപ്പിക്കുന്നതില്‍ അതിവിദഗ്ധന്‍.

114 ടെസ്റ്റില്‍നിന്നായി 8765 റണ്‍സാണ് എബിഡി അടിച്ചുകൂട്ടിയത്. 22 സെഞ്ച്വറികളും 46 അര്‍ദ്ധ സെഞ്ച്വറികളും അദ്ദേഹം ടെസ്റ്റില്‍ നേടി. 228 ഏകദിനങ്ങളില്‍നിന്നായി 9473 റണ്‍സും നേടി. 25 സെഞ്ച്വറികളും 53 അര്‍ദ്ധ സെഞ്ച്വറികളുമുണ്ട്. ടി20 മത്സരങ്ങളില്‍ 10 അര്‍ദ്ധ സെഞ്ച്വറി ഉള്‍പ്പെടെ 1672 റണ്‍സ് നേടി.

ഐപിഎല്ലിനും ആരാധകര്‍ക്കും തീരാ നഷ്ടമാണ് എബിഡിയുടെ വിടവാങ്ങല്‍. 141 മത്സരങ്ങളില്‍നിന്ന് 3953 റണ്‍സും മൂന്ന് സെഞ്ച്വറിയും 28 അര്‍ദ്ധ സെഞ്ച്വറിയും അദ്ദേഹം നേടി. 150ന് മുകളിലാണ് സ്‌ട്രൈക്ക് റേറ്റ്. ഇത്തരത്തില്‍ ആരേയും അതിശയിപ്പിക്കുന്ന കളിമികവ് നിലനില്‍ക്കെയാണ് ഈ 34കാരന്‍ മടങ്ങുന്നത്. കാരണമായി അദ്ദേഹം പറഞ്ഞത് ‘എനിക്ക് മടുത്തു’ എന്ന് മാത്രമാണ്. മറ്റൊരു ബാധ്യതയും സമ്മര്‍ദ്ദവുമില്ലാതെ എത്രപേര്‍ക്ക് ഇത്തരമൊരു തീരുമാനമെടുക്കാനാകും എന്നത് ഒരു വലിയ ചോദ്യമാണ്.

DONT MISS
Top