നിപ: കേരളത്തിന്റെ നടപടികള്‍ക്ക് അംഗീകാരം; സര്‍ക്കാരിനെ ശ്ലാഘിച്ച് ‘ദ ഹിന്ദു’വില്‍ എഡിറ്റോറിയല്‍

‘ദ  ഹിന്ദു’വില്‍ വന്ന എഡിറ്റോറിയല്‍

കൊച്ചി: നിപ വൈറസ് ബാധ തടയുന്നതിനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും കൈക്കൊണ്ട നടപടികളുടെ പേരില്‍ വിവിധ കോണുകളില്‍ നിന്ന് കേരള സര്‍ക്കാരിന് അഭിനന്ദനം. ‘നിപ’യുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ധ്രുതഗതിയിലുള്ള നടപടികളില്‍ സംസ്ഥാന സര്‍ക്കാരിനെ ശ്ലാഘിച്ചുകൊണ്ട് ‘ദ ഹിന്ദു’ പത്രം എഡിറ്റോറിയലും എഴുതി.

കോഴിക്കോട് പേരാമ്പ്ര കേന്ദ്രീകരിച്ച് ആണ് നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. രോഗം അതിവേഗം തിരിച്ചറിയാന്‍ കഴിഞ്ഞതിനെയും ഇതിന് പിന്നാലെ സംസ്ഥാനസര്‍ക്കാരും ആരോഗ്യവകുപ്പും ധ്രുതഗതിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും തുടര്‍ന്നാണ് രോഗത്തിന് കൃത്യമായ ചികിത്സ നല്‍കാന്‍ കഴിഞ്ഞതും രോഗബാധ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നത് തടയാനും കഴിഞ്ഞത്. വിഷയത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഇന്നലെ കേന്ദ്രസര്‍ക്കാര്‍ തൃപ്തി അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പ്രമുഖ ദേശീയ ദിനപത്രമായ ‘ദ ഹിന്ദു’ വിഷയത്തില്‍ കേരളത്തിന്റെ നടപടികളെ അഭിനന്ദിച്ചുകൊണ്ടുള്ള എഡിറ്റോറിയല്‍ എഴുതിയത്. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം അനിതരസാധാരണമായ രീതിയില്‍ വിഷയത്തില്‍ ഇടപെട്ടുവെന്നും രണ്ടാമത്തെ രോഗി മരിച്ചപ്പോള്‍ തന്നെ രോഗത്തിന് പിന്നില്‍ നിപയാണ് ഡോക്ടര്‍മാര്‍മാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും എഡിറ്റോറിയല്‍ എടുത്തുപറയുന്നു. അതിവേഗം രോഗം തിരിച്ചറിയാന്‍ കഴിഞ്ഞതും തുടര്‍ന്ന് അധികൃതര്‍ നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങളുമാണ് രോഗം പടരുന്നത് തടയാന്‍ വഴിയൊരുക്കിയതെന്ന് എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ പോലുള്ള ഒരു വികസ്വര രാജ്യത്ത് ഇത്തരത്തിലുള്ള ചടുലമായ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത് മാതൃകാപരമാണെന്നും ‘ദ ഹിന്ദു’ പറയുന്നു.

DONT MISS
Top