കോട്ടയത്തും നിപ ബാധയെന്ന് സംശയം; രോഗ ലക്ഷ്ണങ്ങള്‍ കോഴിക്കോട് നിന്നും ചികിത്സയ്‌ക്കെത്തിയ രോഗിയില്‍

ഫയല്‍ചിത്രം

കോട്ടയം: നിപ രോഗലക്ഷണങ്ങളോടെ ഒരാളെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗിയെ കോഴിക്കോട് പേരാമ്പ്രയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്ത് എത്തിച്ചതാണെന്നാണ് വിശദീകരണം. മറ്റുള്ളവരിലേക്ക് രോഗം പടരാതെ ഇരിക്കാന്‍ തക്ക ഐസിയു സംവിധാനം കോഴിക്കോട് ആശുപതിക്ക് ഇല്ല എന്നാണ് പറയുന്നത്. കോട്ടയത്ത് ഐസുലേഷന്‍ വാര്‍ഡ് ഉള്ളത് കൊണ്ടാണ് ഇവിടേയ്ക്ക് കൊണ്ടുവന്നതെന്നാണ് വിശദീകരണം.

അതേസമയം നിപ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച നാദാപുരം സ്വദേശി അശോകന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യത്തില്‍ കണ്ണൂരിലും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സ്വകാര്യ ആശുപത്രി പ്രതിനിധികളെയും ഉള്‍പ്പെടുത്തി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കി.

തലശ്ശേരി ആശുപത്രിയില്‍ അശോകനെ പരിചരിച്ച നഴ്‌സിന് പനി ബാധിച്ചത് ഗൗരവമായെടുക്കാനും അവരെ ഒറ്റപ്പെട്ട പ്രത്യേക വാര്‍ഡിലേക്ക് മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്. അശോകനെ ആശുപത്രിയിലെത്തിച്ച വാഹനത്തിന്റെ ഡ്രെെവറെയും രോഗലക്ഷണമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പ്രത്യേക വാര്‍ഡിലേക്കു മാറ്റും. ആശുപത്രിയില്‍ മറ്റു ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കി.

അതേസമയം വൈറസ് ബാധയെ നേരിടാനുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. നിപ വൈറസിനുള്ള റിബ വൈറിന്‍ എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചത്. നിലവില്‍ 2000 ടാബ് ലെറ്റുകളാണ് കോഴിക്കോട് എത്തിച്ചത് നാളെ 8000 ടാബ് ലെറ്റുകള്‍ ജില്ലയില്‍ എത്തിക്കും.

നിപ വൈറസ് ബാധിച്ച പതിമൂന്നുപേരില്‍ പതിനൊന്നു പേരും മരിച്ചതായി സ്ഥിരീകരിച്ചു. രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. 22 പേരാണു രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികില്‍സ തേടിയത്. മലപ്പുറത്തുള്ളവര്‍ക്ക് കോഴിക്കോട്ടുനിന്നാണ് വൈറസ് ബാധിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

DONT MISS
Top