വെളുത്ത് മെലിഞ്ഞ സുന്ദരനായ നായകന്‍ വേണമെന്ന് ഫ്രൈഡേ ഫിലിംസ്; ചിത്രം കാണാനും വെളുത്ത സുന്ദരന്‍മാര്‍ മാത്രം മതിയോ എന്ന് ആരാധകരും

തങ്ങളുടെ ഏറ്റവും പുതിയ ചിത്രത്തിലേയ്ക്ക് നായകനെ തേടി ഫ്രൈഡേ ഫിലിംസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ചിത്രത്തിലേയ്ക്ക് വെളുത്ത് മെലിഞ്ഞ് സുന്ദരനായ നായകനെ വേണമെന്നും ചിത്രങ്ങളും മറ്റ് വിവരങ്ങളും അയക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റ്. എന്നാല്‍  ഫ്രൈഡേ ഫിലിംസിന്റെ ഈ വെളുത്ത നായകന്‍ പരാമര്‍ശത്തിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയരുന്നത്.

കറുത്ത നായകന്‍മാരെ വേണ്ടേ എന്ന് ചോദിച്ചാണ് വിമര്‍ശനം. അഭിനയിക്കാന്‍ സൗന്ദര്യം മാത്രം മതിയെന്ന നിലപാട് പിന്തുടരുന്ന പോസ്റ്റിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് പുറത്തുവരുന്നത്. വെളുത്തവര്‍ക്ക് മാത്രമാണോ സ്ഥാനമുള്ളതെന്നും ചിത്രം കാണാന്‍ വെളുത്ത സുന്ദരന്‍മാര്‍ മാത്രം വന്നാ മതിയോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഫ്രൈഡേ ഫിലിംസ് പോലുള്ള വലിയ നിര്‍മ്മാണ കമ്പനി ഇത്തരം നിറത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിമര്‍ശനമുണ്ട്.

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിംസിന്റെ ഉടമസ്ഥന്‍. നടി സാന്ദ്ര തോമസിനൊപ്പമാണ് വിജയ് ബാബു ഫ്രൈഡേ ഫിലിംസ് സ്ഥാപിച്ചത്. എന്നാല്‍ പിന്നീട് ഇരുവരും അഭിപ്രായ വ്യത്യസം വരുകയും വേര്‍പരിയുകയുമായിരുന്നു. ഫ്രൈഡേ, ഫിലിപ്പസ് ആന്റ് മങ്കിപെന്‍, പെരുച്ചാഴി, അടി കപ്പ്യാരേ കൂട്ടമണി, ആട്, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളെല്ലാം ഫ്രൈഡേ ഫിലിംസ് നിര്‍മിച്ചവയാണ്. ജയസൂര്യ നായകനായ ആട് 2ആണ് ഫ്രൈഡേ ഫിലിംസിന്റെ ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.

DONT MISS
Top