നെയ്മര്‍ വീണ്ടും കളത്തില്‍: ലോകകപ്പ് മത്സരങ്ങള്‍ക്കായി പരിശീലനം പുനരാരംഭിച്ചു

നെയ്മര്‍

ബ്രസീലിയ: പരുക്കിനെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്ന ബ്രസീലിയന്‍ മുന്നേറ്റ താരം നെയ്മര്‍ പരിശീലനം പുനരാരംഭിച്ചു. ലോകകപ്പിന് മുന്നോടിയായി താരം വീണ്ടും കളത്തിലിറങ്ങിയത് ലോകമെമ്പാടുമുള്ള നെയ്മര്‍ ആരാധകര്‍ക്കൊപ്പം ബ്രസീല്‍ ആരാധകരേയും സന്തോഷിപ്പിക്കുന്നതാണ്. ചൊവ്വാഴ്ച പരിശീലനത്തിനിറങ്ങിയ നെയ്മര്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗബ്രിയേല്‍ ജീസസിനും ഡാനിലോയ്ക്കുമൊപ്പം അല്‍പ്പസമയം പന്ത് തട്ടി.

വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷമായിരുന്നു നെയ്മര്‍ കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയത്. ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഒളിമ്പിക് മാഴ്‌സെയ്‌ക്കെതിരേയുള്ള മത്സരത്തില്‍ പിഎസ്ജിക്ക് വേണ്ടി കളിക്കുമ്പോഴാണ് താരത്തിന് കാലിന് പരുക്കേറ്റത്. മത്സരത്തില്‍ പിഎസ്ജി മൂന്നുഗോളിന് മുന്നിട്ട് നില്‍ക്കവെ എഴുപത്തിയേഴാം മിനിറ്റിലായിരുന്നു നെയ്മര്‍ പരുക്കേറ്റ് വീണത്. സ്‌ട്രെച്ചറില്‍ ഗ്രൗണ്ട് വിട്ടുപോയ താരം ഒന്നുരണ്ടാഴ്ചയ്ക്കുള്ളില്‍ മടങ്ങിവരുമെന്നായിരുന്നു ആരാധകരുടേയും ടീമിന്റേയും പ്രതീക്ഷ. ആദ്യ പരിശോധനാഫലങ്ങളും പരുക്ക് സാരമില്ല എന്ന രീതിയിലായിരുന്നു. പക്ഷെ പിന്നീട് നടന്ന് വിദഗ്ധ പരിശോധനയില്‍ ശസ്ത്രക്രിയയും രണ്ടു മാസത്തെ വിശ്രമത്തിനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

പരുക്കില്‍ നിന്ന് ഉടന്‍ മോചിതനാകുമെന്നും അവസാനഘട്ട പരിശോധനയും പൂര്‍ത്തയാക്കി പൂര്‍ണ സജ്ജനായി വരുന്ന ലോകകപ്പില്‍ താന്‍ തിരിച്ചെത്തുമെന്നും നേരത്തെ സാവോ പോളോയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഇരുപത്തിയാറുകാരനായ നെയ്മര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. വരാനിരിക്കുന്ന ലോകകപ്പ് തന്റെ സ്വപ്‌നമാണെന്നും ഈയൊരവസരത്തിനുവേണ്ടി കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പൗളീനോ, നെയ്മര്‍, ഫെര്‍മീന്യോ, കുട്ടീന്യോ, വില്ല്യന്‍ ഫെര്‍ണാണ്ടീന്യോ എന്നിവരുള്‍പ്പെട്ട സംഘത്തെയാണ് തങ്ങളുടെ ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്ന ബ്രസീല്‍ ടീമിനായി ടിറ്റെ അണിനിരത്തിയിരിക്കുന്നത്. അതിനൊപ്പം കഴിഞ്ഞ ലോകകപ്പ് സെമിയില്‍ സ്വന്തം നാട്ടില്‍ 1-7 ന് ജര്‍മനിയോടേറ്റ തോല്‍വി മറക്കാനും ഈ ലോകകപ്പ് കിരീടം ബ്രസീലിന് നിര്‍ണായകമാണ്. കോസ്റ്റാറിക്ക, സെര്‍ബിയ, സ്വിറ്റ്സര്‍ലണ്ട്, എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ഇ യിലാണ് ബ്രസീല്‍. ജൂണ്‍ 17 നാണ് അവരുടെ ആദ്യ മത്സരം.

DONT MISS
Top