ചെങ്ങന്നൂര്‍ വിധി കുറിക്കുമ്പോള്‍: പഞ്ചായത്തുകളിലെ മുന്‍കാല കണക്കുകള്‍ ഇങ്ങനെ

പത്ത് പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്നതാണ് ചെങ്ങന്നൂര്‍ നിയമസഭാമണ്ഡലം. പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ നേടിയ വോട്ടും അംഗബലവും പരിശോധിച്ചാല്‍ മൂന്നു മുന്നണികള്‍ക്കും കൃത്യമായ സ്വാധീനമുള്ള മേഖലകളുണ്ടെന്നത് വ്യക്തമാകും. പ്രചരണത്തിന്റെ അവസാനവട്ട ദിവസങ്ങളിലേക്ക് നീങ്ങിയതോടെ ഇത്തരം ചില കണക്കുകള്‍ക്കുള്ള പ്രാധാന്യം ചെറുതല്ല. മുന്നണിനേതൃത്വം കൂട്ടിയും കിഴിച്ചും പരിശോധിക്കുന്ന ചെങ്ങന്നൂര്‍ പഞ്ചായത്തുകളിലെ അത്തരം ചില കണക്കുകളിലൂടെ.

ചെന്നിത്തല പഞ്ചായത്ത്

യുഡിഎഫ് ശക്തികേന്ദ്രമായിരുന്ന ചെന്നിത്തല തൃപ്പെരുന്തുറയില്‍ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിയ്ക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 2016ല്‍ ലഭിച്ച ഭൂരിപക്ഷം വര്‍ധിപ്പിയ്ക്കാന്‍ സിപിഐഎമ്മും വോട്ടു വര്‍ധിപ്പിക്കാന്‍ ബിജെപിയും കച്ചമുറുക്കുന്നു.

മാവേലിക്കരയില്‍ നിന്നും ചെങ്ങന്നൂരിലേക്ക് ചേര്‍ക്കപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്താണിത്. 2011ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിനൊപ്പം നിന്നെങ്കിലും 2016ല്‍ കളം മാറി. ഇടതു സ്ഥാനാര്‍ത്ഥി കെകെ രാമചന്ദ്രന്‍ നായര്‍ 6666 വോട്ടാണ് ഇവിടെ നിന്നും നേടിയത്. 5599 വോട്ടുകളുമായി യുഡിഎഫ് രണ്ടും, 5092 വോട്ടുമായി എന്‍ഡിഎ മൂന്നാം സ്ഥാനത്തുമെത്തി. സംഘടനാ രംഗത്തെ പിഴവാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വിലയിരുത്തുന്നത്.

9 അംഗങ്ങളുമായി വലിയ ഒറ്റകക്ഷിയായ സിപിഐഎമ്മിനാണ് പഞ്ചായത്ത് ഭരണം. യുഡിഎഫിന് ആറും ബിജെപിയ്ക്ക് നാലും അംഗങ്ങളുണ്ട്. ഭരണപക്ഷത്തേക്കാള്‍ അംഗബലം പ്രതിപക്ഷത്തിന് സ്വന്തം. നികുതി പിരിവടക്കമുള്ള കാര്യങ്ങളിലും പഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനത്താണ്. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം ചെന്നിത്തലയില്‍ ബിജെപി വോട്ടുകളില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളിറങ്ങിയുള്ള ചിട്ടയായ പ്രവര്‍ത്തനം നടന്നതിനാല്‍ ഇക്കുറി ഭൂരിപക്ഷം വര്‍ധിപ്പിയ്ക്കാമെന്ന പ്രതീക്ഷയിലാണ് മൂന്നു മുന്നണികളും.

2011

യുഡിഎഫ്   – 8169

എല്‍ഡിഎഫ്-  6625

ബിജെപി-633

2016

യുഡിഎഫ് – 5599

എല്‍ഡിഎഫ്- 6666

ബിജെപി- 5092

ശോഭനാ ജോര്‍ജ് – 171

കക്ഷിനില (ആകെ അംഗങ്ങള്‍-19)

എല്‍ഡിഎഫ്-9

യുഡിഎഫ് – 6

ബിജെപി – 4

ആല പഞ്ചായത്ത്

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് ഏറ്റവുമധികം പ്രതീക്ഷ വച്ച് പുലര്‍ത്തുന്നത് ആല പഞ്ചായത്തിലാണ്. പഞ്ചായത്ത് ഭരണസമിതിയിലുള്ള വന്‍ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമാകുമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം ഇത്തവണയും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സിപിഐഎമ്മും, ബിജെപിയും.

പഞ്ചായത്തിലെ ആകെ അംഗങ്ങളുടെ എണ്ണം 13. ഇതില്‍ 9 പേര്‍ കോണ്‍ഗ്രസിന്, സിപിഐഎമ്മിന് മൂന്നും ബിജെപി ക്ക് ഒരംഗവുമാണുള്ളത്. 2011ലെ തെരഞ്ഞെടുപ്പില്‍ 1283 വോട്ടിന്റെ ഭൂരിപക്ഷം വിഷ്ണുനാഥിന് ഉണ്ടായിരുന്നു. 4311 വോട്ട് യുഡിഎഫ് നേടിയപ്പോള്‍ 3028 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. ബിജെപിക്കാവട്ടെ വെറും 280 വോട്ട് മാത്രം. 2016 ആയപ്പോള്‍ ഇടത് മുന്നണിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കെകെ രാമചന്ദ്രന്‍ നയര്‍ക്ക് 684 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. രാമചന്ദ്രന്‍നായര്‍ 3240 വോട്ട് നേടിയപ്പോള്‍ വിഷ്ണുനാഥിന് 2736 വോട്ട് മാത്രമാണ് ലഭിച്ചത്. എന്നാല്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. 2011 ല്‍ 280 മാത്രമായിരുന്ന വോട്ട് 2229 ആയി വര്‍ധിപ്പിച്ചു. പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണ സമിതിയുടെ നേട്ടങ്ങള്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രദേശിക നേതാക്കള്‍. വികസനം ചര്‍ച്ച ചെയ്താല്‍ ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് സിപിഐഎം അവകാശവാദം. പഞ്ചായത്തില്‍ ഒരംഗം മാത്രമേ ഉള്ളുവെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ വന്‍ മുന്നേറ്റം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

2011

യുഡിഎഫ്- 4311

എല്‍ഡിഎഫ്-   3028

ബിജെപി-  280

2016

യുഡിഎഫ്- 2736

എല്‍ഡിഎഫ്- 3240

ബിജെപി- 2229

ശോഭനാ ജോര്‍ജ്- 370

കക്ഷിനില (ആകെ അംഗങ്ങള്‍ -13)

കോണ്‍ഗ്രസ് – 9

എല്‍ഡിഎഫ്-  3

ബിജെപി –  1

ബുധനൂര്‍

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ഇടതു സ്വാധീന മേഖലകളിലൊന്നാണ് ബുധനൂര്‍ പഞ്ചായത്ത്. മണ്ഡലത്തില്‍ ബിജെപി പ്രതിപക്ഷത്തുള്ള അപൂര്‍വ്വം പഞ്ചായത്തുകളില്‍ ഒന്ന് കൂടിയാണ് ബുധനൂര്‍. സമീപകാല തെരഞ്ഞെടുപ്പുകളില്‍  നേരിട്ട തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള തീവ്ര ശ്രമത്തിലാണ് യുഡിഎഫ്.

ആകെ 14 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എട്ട് വാര്‍ഡുകള്‍ നേടിയാണ് ഇവിടെ എല്‍ ഡിഎഫ് ഭരണം പിടിച്ചെടുത്തത്. 4 എണ്ണം നേടി ബിജെപി പ്രതിപക്ഷത്തായി. കോണ്‍ഗ്രസാവട്ടെ 2 വാര്‍ഡുകളില്‍ ഒതുങ്ങി. പൊതുവെ ഇടതിന് അനുകൂലമായ മേഖലയായിട്ടാണ് ബുധനൂര്‍ പഞ്ചായത്തിനെ വിലയിരുത്തുന്നത്. 2011 ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 5394 വോട്ട് ലഭിച്ചു. യുഡിഎഫിന് 5138 ഉം ബിജെപിയ്ക്ക് 322 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5151 വോട്ടുകളാണ് പഞ്ചായത്തില്‍ നിന്ന് കെകെ രാമചന്ദ്രന്‍ നായര്‍ നേടിയത്. 3557 വോട്ടുള്ള ബിജെപി രണ്ടാം സ്ഥാനത്തും 3479 വോട്ടുമായി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുമെത്തി. കുട്ടമ്പേരൂര്‍ ആറിന്റെ പുനരുജ്ജീവനമടക്കം രാജ്യം ശ്രദ്ധിയ്ക്കുന്ന പദ്ധതികള്‍ ഇടതു മുന്നണിയുടെ വോട്ടു വര്‍ധിയ്ക്കാന്‍ ഇടയാക്കുമെന്നാണ് സിപിഐഎം വിലയിരുത്തല്‍. വീഴ്ചകള്‍ പരിഹരിച്ച് പഞ്ചായത്തില്‍ മുന്നേറ്റത്തിന്റെ പാതയിലാണ് കോണ്‍ഗ്രസെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. പഞ്ചായത്തിലെ ബിജെപി വോട്ടുകളുടെ ക്രമാനുഗതമായ വളര്‍ച്ച ഇരു മുന്നണികള്‍ക്കും ഭീഷണി സൃഷ്ടിയ്ക്കുന്നുണ്ട്. പത്തു വര്‍ഷത്തിനിടെ പഞ്ചായത്ത് ഭരണസമിതിയിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇരട്ടിയോളമാണ് ബിജെപി വോട്ടുകള്‍ക്ക് വര്‍ധനയുണ്ടായിരിക്കുന്നത്.

2011

എല്‍ഡിഎഫ്-   5394

യുഡിഎഫ് –    5138

ബിജെപി-  322

2016

എല്‍ഡിഎഫ്- 5151

യുഡിഎഫ്- 3479

ബിജെപി- 3557

ശോഭനാ ജോര്‍ജ്- 335

കക്ഷി നില (ആകെവാര്‍ഡുകള്‍  14)

എല്‍ഡിഎഫ് – 8

യുഡിഎഫ്   – 2

ബിജെപി  – 4

വെണ്‍മണി

വെണ്‍മണി പഞ്ചായത്തില്‍ കഴിഞ്ഞ തവണയുണ്ടാക്കിയ നേട്ടം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി. എന്നാല്‍ മുന്‍കാലങ്ങളിലെ സ്വാധീനം തിരിച്ച് പിടിക്കാമെന്ന  പ്രതീക്ഷയിലാണ് യുഡിഎഫ് കരുത്ത് തെളിയിക്കാന്‍ ബിജെപിയും വെണ്‍മണിയില്‍ സജീവമാണ്

2011 നിയമസഭാ തെരഞ്ഞെടുപ്പിലും, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലും വെണ്‍മണി പഞ്ചായത്തില്‍  യുഡിഎഫിനായിരിന്നു മേല്‍ക്കൈ. 2011 ല്‍ 5825 വോട്ട് യുഡിഎഫിനും, 4683 വോട്ട് എല്‍ഡിഎഫിനും ലഭിച്ചപ്പോള്‍ വെറും 663 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചിത്രം മാറി. 4906 വോട്ട് എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫിന്റെ വോട്ട് 3611 ആയി കുറഞ്ഞു. ബിജെപി വന്‍ മുന്നേറ്റമാണ് വെണ്‍മണി പഞ്ചായത്തില്‍ നടത്തിയത്. 2011-ല്‍ 663 ആയിരുന്ന വോട്ട് 4248 ആയി അവര്‍ക്ക് വര്‍ധിപ്പിക്കാനായി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ നേട്ടം ഉപതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇടതുനേതൃത്വം. സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരം വെണ്‍മണി പഞ്ചായത്തില്‍ ആഞ്ഞടിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത്തവണയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്ന് എന്‍ഡിഎ നേതൃത്വവും പറയുന്നു. പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫ് ആണെങ്കിലും കേവല ഭൂരിപക്ഷമില്ല. കോണ്‍ഗ്രസിന് ആറ് അംഗങ്ങള്‍ ഉണ്ട്. കേരള കോണ്‍ഗ്രസിന്റെ ഒരംഗം യുഡിഎഫിനൊപ്പം ചേര്‍ന്നപ്പോള്‍ അംഗബലം ഏഴായി. ഇതോടെയാണ് ഭരണം ലഭിച്ചത്. സിപിഐഎമ്മിനും, ബിജെപിക്കും നാല് വീതം അംഗങ്ങളാണുള്ളത്.

2011

യുഡിഎഫ്-  5825

എല്‍ഡിഎഫ്-   4683

ബിജെപി- 663

2016

യുഡിഎഫ്- 3611

എല്‍ഡിഎഫ്- 4906

ബിജെപി- 4248

ശോഭനാ ജോര്‍ജ്- 369

കക്ഷിനില ( ആകെ അംഗങ്ങള്‍  15)

കോണ്‍ഗ്രസ് – 6

കേരള കോണ്‍ഗ്രസ് – 1

സിപിഐഎം-  4

ബിജെപി- 4

തിരുവന്‍വണ്ടൂര്‍

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയമായ പഞ്ചായത്താണ് തിരുവന്‍വണ്ടൂര്‍. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായ പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് പിന്തുണയോടെ കേരളകോണ്‍ഗ്രസാണ് ഭരിക്കുന്നത്. ഉപതെരഞ്ഞെടുപ്പെത്തിയതോടെ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് ഇരുകൂട്ടരെയും പിണക്കാനാവാത്ത അവസ്ഥയാണ്

ആലപ്പുഴ ജില്ലയില്‍ ബിജെപി ഭരിച്ചു വന്ന ഏക പഞ്ചായത്ത് അട്ടിമറിയിലൂടെയാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിടിച്ചെടുത്തത്. മൂന്നംഗങ്ങളുള്ള പാര്‍ട്ടിക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിച്ചു. രണ്ട് അംഗങ്ങള്‍ വീതമുള്ള സിപിഐഎമ്മും കോണ്‍ഗ്രസും പുറത്തു നിന്നാണ് പിന്തുണ നല്‍കുന്നത്. ആറംഗങ്ങളുള്ള ഒറ്റകക്ഷിയായ ബിജെപി പ്രതിപക്ഷത്തും. എന്നാല്‍ തെരഞ്ഞെടുപ്പ് ഭരണസമിതിയെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ തീരുമാനം യുഡിഎഫിന് പിന്തുണ നല്‍കാനാണെങ്കിലും ആരെയും പിണക്കാനാവാത്ത അവസ്ഥയാണ് ഭരണസമിതിയംഗങ്ങള്‍ക്കുള്ളത്. മറുവിഭാഗം പിണങ്ങിയാല്‍ ഭരണം നിലംപതിക്കുമെന്നത് തന്നെയാണ് അതിന് കാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം ഒന്നാമതെത്തിയ മണ്ഡലത്തിലെ ഏക പഞ്ചായത്താണ് തിരുവന്‍വണ്ടൂര്‍. ഇത്തവണയും മേധാവിത്വം നില നിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി.

2011

യുഡിഎഫ്-4260

എല്‍ഡിഎഫ്- 2331

ബിജെപി- 852

2016

യുഡിഎഫ്- 3594

എല്‍ഡിഎഫ്-2375

ബിജെപി-3603

ശോഭനാ ജോര്‍ജ്.- 110

കക്ഷിനില- (ആകെ അംഗങ്ങള്‍- 13)

ബിജെപി- 6

കേരളകോണ്‍ഗ്രസ് – 3

എല്‍ഡിഎഫ്- 2

യുഡിഎഫ് -2

DONT MISS
Top