നിപ വൈറസ്; നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് പത്ത് ലക്ഷം, ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: നിപ വൈറസ് ബാധിച്ച് മരിച്ച് നഴ്‌സ് ലിനിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ലിനിയുടെ മക്കള്‍ക്കായി പത്ത് ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനം. കേരളത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

നഴസ് ലിനിയുടെ മക്കള്‍ക്ക് അനുവദിക്കുന്ന തുകയില്‍ അഞ്ചുലക്ഷം രൂപ വീതം ഓരോ കുട്ടിയുടേയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ തുകയും പലിശയും കുട്ടികള്‍ക്ക് ലഭിക്കുന്ന വിധത്തിലാണ് നിക്ഷേപിക്കുക. ബാക്കിയുളള തുകയില്‍ അഞ്ചുലക്ഷം രൂപ വീതം കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് പലിശ രക്ഷാകര്‍ത്താവിന് പിന്‍വലിക്കാവുന്ന വിധത്തില്‍ നിക്ഷേപിക്കും. കൂടാതെ, കോഴിക്കോട് ജില്ലയിലെ സാബിത്ത് മരണപ്പെട്ടത് നിപ മൂലമാണെന്ന് സ്ഥിരീകരിക്കുകയാണെങ്കില്‍ ആ കുടുംബത്തിനും അഞ്ചു ലക്ഷം രൂപ അനുവദിക്കാനും തീരുമാനമായി.

നിപ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  കേന്ദ്രസഹായം ഫലപ്രദമാണെന്നും നിപ വൈറസ് ബാധിതരായ എല്ലാവരുടെയും ചികിത്സാചെലവ്  സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

DONT MISS
Top