തൂത്തുക്കുടി വെടിവെയ്പ്: പൊലീസ് ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് തോമസ് ഐസക്

തോമസ് ഐസക്ക്

കൊച്ചി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വിരുദ്ധ സമരത്തിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെയ്പ് നടത്തിയ പൊലീസ് ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ശുദ്ധവായു ശ്വസിച്ച് ജീവിക്കാന്‍ വേണ്ടി സാധാരണക്കാരന്‍ നടത്തിയ സമരത്തിലാണ് കൂട്ടക്കുരുതി അരങ്ങേറിയതെന്നും, മാരകരോഗം വിതയ്ക്കുംവിധം മലിനീകരണ നിയന്ത്രണ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കുന്ന കോര്‍പറേറ്റുകളുടെ ധാര്‍ഷ്ട്യവും അതിനു കുടപിടിക്കുന്ന ഭരണാധികാരികളുടെ ജനവിരുദ്ധതയും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഐസകിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

കൊള്ളലാഭം ലക്ഷ്യമിട്ട് മനുഷ്യക്കുരുതി തുടരുകയാണ് വേദാന്ത. തമിഴ്‌നാട് തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത പ്രദേശവാസികള്‍ക്ക് നേരെയാണ് പൊലീസ് നിറയൊഴിച്ചത്. ഇതെഴുതുമ്പോള്‍ പതിനൊന്നു മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു കഴിഞ്ഞു. ഗുരുതരമായി പരുക്കേറ്റ അനേകംപേര്‍ ആശുപത്രിയിലുണ്ട്. ഒരു വശത്ത് സുരക്ഷിതമായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സമരം ചെയ്യുന്ന ജനങ്ങള്‍. മറുവശത്ത് പെരുകുന്ന ലാഭത്തിലും അതിന്റെ വീതം വെപ്പിലുമല്ലാതെ മറ്റൊന്നും പരിഗണിക്കാത്ത കമ്പനിയും ഭരണക്കാരും. സാധാരണമനുഷ്യരുടെ ചോരക്കറ വേദാന്തയുടെ ചരിത്രത്തില്‍ പുരളുന്നത് ഇതാദ്യമല്ല.

ഇഹലോകകാര്യങ്ങളില്‍ താത്പര്യമില്ലാത്ത തത്ത്വജ്ഞാനിയെന്നാണ് വേദാന്തി എന്ന വാക്കിന് സാധാരണ കല്‍പ്പിക്കുന്ന അര്‍ത്ഥം. പക്ഷേ, കോര്‍പറേറ്റുകളുടെ ലോകത്ത് ‘വേദാന്ത’ എന്നാല്‍ ഇഹലോകത്തുളള സര്‍വതിന്റെയും വെട്ടിപ്പിടിക്കലിനു വേണ്ടിയുളള പോര്‍വിളിയാണ്. ശതകോടീശ്വരന്മാരുടെ അമരം ലക്ഷ്യമാക്കി അനില്‍ അഗര്‍വാളിന്റെ വേദാന്ത റിസോഴ്സസ് എന്ന കോര്‍പറേറ്റ് ഭീമന്‍ കുതിച്ചുപായുമ്പോള്‍ വാക്കുകളുടെ അര്‍ത്ഥം പോലും കീഴ്മേല്‍ മറിയുന്നു. ‘വേദാന്ത’ എന്ന വ്യവസായ സാമ്രാജ്യത്തിന്റെ അതിരുകള്‍ വിശാലമാകുമ്പോള്‍ പരിസ്ഥിതിയും തൊഴിലാളികളും ആദിവാസികളും ചവിട്ടിയരയ്ക്കപ്പെടുന്നു. ”മനുഷ്യാവകാശങ്ങളെ തെല്ലും മാനിക്കാത്ത”വരെന്നാണ് വേദാന്ത ഗ്രൂപ്പിനെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ വിലയിരുത്തിയത്. വേദാന്തയുടെ എല്ലാ ഫാക്ടറികളും പരിസ്ഥിതിപ്രസ്ഥാനങ്ങളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടെയും നിശിത വിമര്‍ശനത്തിന് പാത്രമായിട്ടുണ്ട്. കമ്പനിയുടെ തൊഴിലാളി ദ്രോഹത്തെ ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനുകളും ഒരേസ്വരത്തില്‍ എതിര്‍ക്കുന്നു. എന്നാലെന്താ, ഒരേസമയം കൃഷ്ണഭക്തനും സമ്പൂര്‍ണ സസ്യഭുക്കുമാണത്രേ, ഈ മുതലാളി.

വേദാന്തയുടെ ബോക്സൈറ്റ് ഖനനം സൃഷ്ടിച്ച നിര്‍ബന്ധിത പലായനവും ചെറുത്തുനില്‍പ്പിനെതിരെ നടന്ന പൊലീസ് വെടിവെപ്പും അപകടങ്ങളും പരുക്കുകളും രോഗങ്ങളും ആദിവാസികളടക്കം നൂറുകണക്കിന് പേരുടെ ജീവനെടുത്തിട്ടുണ്ട്. ആദിവാസി കുടുംബങ്ങളെ വേരോടെ പറിച്ചെറിഞ്ഞും പരിസ്ഥിതി തകര്‍ത്തും കുടിവെളളം ദുഷിപ്പിച്ചും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങള്‍ നശിപ്പിച്ചും ആയിരക്കണക്കിന് കുടുംബങ്ങളെ നിരന്തരമായ പട്ടിണിയിലേയ്ക്കു തളളിയിട്ടുമാണ് അനില്‍ അഗര്‍വാള്‍ ശതകോടീശ്വരപ്പട്ടികയുടെ കോണിപ്പടികള്‍ ചവിട്ടിക്കയറുന്നത്. വേദാന്തയെ വളര്‍ത്തുകയും അവര്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്ത സര്‍ക്കാരിനു പോലും കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്ത തോതിലേയ്ക്ക് അവര്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ മാറിയിട്ടുണ്ട്.

ഒഡീഷയിലെ ഡോംഗ്രിയ കോന്‍ധ് ആദിവാസി സമൂഹം പവിത്രമെന്നു കരുതുന്ന നിയാംഗിരി മലനിരകളിലെ ഖനനത്തിനെതിരെ ശക്തമായ ആദിവാസി പ്രക്ഷോഭം ഉണ്ടായി. പൂര്‍വഘട്ടത്തിലെ പ്രധാന വന്യജീവി സങ്കേതവും വംശധാര നന്ദിയുടെയും പല അരുവികളുടെയും ഉത്ഭവകേന്ദ്രം കൂടിയാണ് നിയാംഗിരി കുന്നുകള്‍. ഇവിടുത്തെ ഖനനം നിര്‍ത്തിവെയ്ക്കാന്‍ 2010 ആഗസ്റ്റില്‍ അന്നത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷിന് ഉത്തരവിടേണ്ടി വന്നു. ലാഞ്ചിഗഡിലെ അലൂമിന റിഫൈനറി വിപുലീകരിക്കാന്‍ വേദാന്ത വന്‍തോതില്‍ വനനശീകരണം നടത്തി. റിഫൈനറി കയ്യടക്കിയ മൂന്നേക്കറോളം ഭൂമി, യഥാര്‍ത്ഥത്തില്‍ ആദിവാസികളുടേതാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കണ്ടെത്തി. ഭൂമി കയ്യേറിയതിന് വേദാന്തയ്ക്കെതിരെ നടപടിയ്ക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. വേദാന്തയുടെ ഭൂമി കയ്യേറ്റം ആദ്യമായിട്ടായിരുന്നു ‘ഔദ്യോഗികമായി’ തെളിയിക്കപ്പെട്ടത്.

2011 ഏപ്രില്‍ അഞ്ചിനും മെയ് 16നും ഫാക്ടറിയിലെ വിഷമാലിന്യശേഖരം രണ്ടുവട്ടം തകര്‍ന്ന് വന്‍സധാരാ നദി ചുവന്ന ചെളി കലര്‍ന്ന് മലിനമായി. 2008ലും ഇതു സംഭവിച്ചിരുന്നു. തടയണ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് ഒഡീഷ മലിനീകരണ നിയന്ത്രണബോര്‍ഡ് 2008 ഡിസംബറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൂരിയില്‍ ആയിരക്കണക്കിന് ഭൂമി കയ്യേറി വേദാന്ത യൂണിവേഴ്സിറ്റി സ്ഥാപിക്കാന്‍ അഗര്‍വാളിനു മോഹമുദിച്ചു. തട്ടിച്ചും ഭീഷണിപ്പെടുത്തിയും കയ്യടക്കിയ ഭൂമി മുഴുവന്‍ അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്കു തിരികെ നല്‍കാന്‍ 2010ല്‍ ഒഢീഷ ഹൈക്കോടതി ഉത്തരവിട്ടു. ഛാര്‍സുഡുഗ (ഛത്തീസ്ഗഡ്)യിലെ ലോഹമുരുക്കുശാല സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്കെതിരെയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് രംഗത്തെത്തി. ഒരനുമതിയുമില്ലാതെയാണ് അഞ്ചുലക്ഷം ടണ്‍ ശേഷിയുളള ഫാക്ടറിയും ഒമ്പത് പവര്‍ പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നത്. വായുവും വെളളവും ആകാവുന്നതിന്റെ പരമാവധി മലിനമാക്കുകയും ചെയ്യുന്നുണ്ട്.

ഗോവയിലെ അഡ്വാല്‍പാള്‍ ഗ്രാമത്തില്‍ ഖനിയിലെ മാലിന്യങ്ങള്‍ കൂമ്പാരമായി നിക്ഷേപിച്ചു. കോരിച്ചൊരിഞ്ഞ പേമാരിയില്‍ ഈ മാലിന്യക്കൂന 2010 ജൂണ്‍ 6ന് പൊട്ടിയൊഴുകി. ടണ്‍ കണക്കിന് മാലിന്യം അടുത്തുളള നദിയിലേയ്ക്ക് കുത്തിയൊലിച്ച് വന്‍വെളളപ്പൊക്കമുണ്ടായി. നിയമവിരുദ്ധമായാണ് അഡ്വാല്‍പാളില്‍ കമ്പനി മാലിന്യനിക്ഷേപം നടത്തുന്നത് എന്ന 2009 നവംബറിലെ ബോംബേ ഹൈക്കോടതി വിമര്‍ശനത്തിനു പിന്നാലെയായിരുന്നു ഈ പരിസ്ഥിതി ദുരന്തം. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും വേദാന്ത സൃഷ്ടിച്ച പരിസ്ഥിതിപ്രശ്നങ്ങള്‍ക്കു കുപ്രസിദ്ധിയുണ്ട്. സാമ്പിയയിലെ കോങ്കോള കോപ്പര്‍ മൈന്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങളൊഴുക്കി കേഫൂ നദി മലിനമാക്കിയതിന് കോടതിയില്‍ നിന്നും കമ്പനിയ്ക്ക് പിഴ ശിക്ഷ ലഭിച്ചു.

കോര്‍ബയിലെ ഫാക്ടറിയില്‍ ചിമ്മിനി തകര്‍ന്നുവീണ് 40 തൊഴിലാളികള്‍ മരിച്ചതും വേദാന്ത സൃഷ്ടിച്ച കൂട്ടക്കുരുതിയാണ്. അനധികൃതമായി സര്‍ക്കാര്‍ വനഭൂമിയിലായിരുന്നു ചിമ്മിനി നിര്‍മ്മാണം. എന്‍ഐടിയുടെ അന്വേഷണ റിപ്പോര്‍ട്ടുപ്രകാരം ”അശ്രദ്ധവും ദുര്‍ബലവുമായ നിര്‍മ്മാണം, കോണ്‍ക്രീറ്റു തൂണുകളുടെ നിര്‍മ്മാണത്തിലെ ഗുണനിലവാരമില്ലായ്മ, കോണ്‍ക്രീറ്റ് മിശ്രിതത്തില്‍ തയ്യാറാക്കിയതിലെ അപാകം” എന്നുതുടങ്ങിയ നിര്‍മ്മാണത്തിലെ പിഴവുകളായിരുന്നു അപകടത്തിനു കാരണം. പ്രകൃതിയോടും മനുഷ്യനോടുമുളള വേദാന്തയുടെ ഈ ക്രൂരത, പ്രത്യേകിച്ച്, നിയാംഗിരി മലനിരകളിലെ ആദിവാസികള്‍ നേരിടുന്ന വംശനാശഭീഷണി, അന്തര്‍ദ്ദേശീയ മനഃസാക്ഷിയെ പിടിച്ചുകുലുക്കി. അംനസ്റ്റി ഇന്റര്‍നാഷണല്‍, സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ എന്നീ സംഘടനകള്‍ വേദാന്തയുടെ മനുഷ്യാവകാശലംഘനങ്ങളെ നിശിതമായി വിമര്‍ശിച്ചു. വേദാന്തയുടെ പ്രവര്‍ത്തനശൈലിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ട് തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ തീരുമാനിച്ചു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും ഇതേ തീരുമാനം കൈക്കൊണ്ടു. വേദാന്തയുടെ പാരിസ്ഥിതിക മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ഇന്നൊരു അന്തര്‍ദ്ദേശീയ നെറ്റ്വര്‍ക്കിംഗ് നിലവിലുണ്ട്.

ഇക്കൂട്ടത്തില്‍ ഒന്നു മാത്രമാണ് തൂത്തുക്കുടിയിലെ പ്രക്ഷോഭം. പരിസ്ഥിതിപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തൂത്തുക്കുടിയിലെ കോപ്പര്‍ സംസ്‌ക്കരണശാലയിലെ ഉത്പാദനം നിര്‍ത്തിവെയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കമ്പനിമാലിന്യങ്ങള്‍ തദ്ദേശവാസികള്‍ക്കു സൃഷ്ടിച്ച ശ്വാസകോശപ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന്റെ ഫലമായിരുന്നു കോടതിവിധി. ഈ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തതോടെയാണ് കാര്യങ്ങള്‍ വീണ്ടും തകിടംമറിഞ്ഞത്. തൂത്തുക്കുടിയില്‍ നടന്ന പൊലീസ് ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. ശുദ്ധവായു ശ്വസിച്ച് ജീവിക്കാന്‍ വേണ്ടി സാധാരണക്കാരന്‍ നടത്തിയ സമരത്തിലാണ് കൂട്ടക്കുരുതി അരങ്ങേറിയത്. തൂത്തുക്കുടിയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റെര്‍ലൈറ്റ് കോപ്പര്‍ വ്യവസായശാല മലിനീകരണനിയന്ത്രണ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് മനസിലായിട്ടും സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്തിയിരുന്നില്ല.

ഗ്രാമവാസികളുടെ ഈ സമരത്തിന് സിപിഐഎമ്മാണ് പൂര്‍ണ പിന്തുണ നല്‍കിയത്. സമരത്തിന് നേതൃത്വം വഹിച്ചതിന് തമിഴ്നാടിലെ പാര്‍ട്ടി സംസ്ഥാന സഖാവ് കെ ബാലകൃഷ്ണയും കേന്ദ്രകമ്മറ്റിയംഗമായ യു വാസുകിയും ജില്ലാ സെക്രട്ടറി അര്‍ജുനനും ഉള്‍പ്പെടെയുള്ള പാര്‍ട്ടി സഖാക്കള്‍ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. മാരകരോഗം വിതയ്ക്കുംവിധം മലിനീകരണ നിയന്ത്രണ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കുന്ന കോര്‍പറേറ്റുകളുടെ ധാര്‍ഷ്ട്യവും അതിനു കുടപിടിക്കുന്ന ഭരണാധികാരികളുടെ ജനവിരുദ്ധതയും അംഗീകരിക്കാനാവില്ല. ചോരയില്‍ മുക്കിക്കൊല്ലാന്‍ എത്ര തന്നെ ശ്രമിച്ചാലും ഈ സമരം കരുത്താര്‍ജിച്ചു മുന്നേറുക തന്നെ ചെയ്യും. ഐസക് കൂട്ടിച്ചേര്‍ത്തു.

DONT MISS
Top