മക്കയിലും മദീനയിലും എത്തുന്ന അവശരായ തീര്‍ത്ഥാടകര്‍ക്കായി ഹറമില്‍ കൂടുതല്‍ ഇലക്‌ട്രോണിക്ക് വീല്‍ചെയറുകള്‍ ഏര്‍പ്പെടുത്തി

ജിദ്ദ: പുണ്യകര്‍മ്മത്തിന് മക്കയിലും മദീനയിലും എത്തുന്ന അവശരായ തീര്‍ത്ഥാടകര്‍ക്കായി ഹറമില്‍ കൂടുതല്‍ ഇലക്‌ട്രോണിക്ക് വീല്‍ചെയറുകള്‍ ഏര്‍പ്പെടുത്തി. ഹറം കാര്യാലയം സൗജന്യമായാണ് വീല്‍ചെയറുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വീല്‍ചെയറുകള്‍ നിയന്ത്രിക്കാന്‍ ആവശ്യമായ വളണ്ടിയര്‍മാരെയും ഒരുക്കിയിട്ടുണ്ട്.  എണ്ണായിരത്തി എഴുനൂറ് ഇലക്‌ട്രോണിക്ക് വീല്‍ചെയറുകളാണ് ഒരുക്കിയിട്ടുള്ളത്.  വീല്‍ ചെയറുകള്‍ നിരീക്ഷിക്കുവാനും ആവശ്യം വരുന്ന തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുവാനുമായി 209 പേരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരില്‍നിന്നും വീല്‍ ചെയറുകള്‍ക്ക് പണമീടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളുമൊരുക്കാന്‍ ഹറം കാര്യാലയം നടപടി സ്വീകരിച്ചതായി ഗതാഗത വിഭാഗം ഡയറക്ടര്‍ സാലിഹ് മുഹമ്മദ് അലി ഹുസൈവി അറിയിച്ചു.

സേവനങ്ങള്‍ക്കായി സൗദി യുവാക്കളെ ഇതിനകം നിയമിച്ചിട്ടുണ്ട്. ആവശ്യം വരുകയാണെങ്കില്‍ ഇനിയും യുവാക്കളെ റിക്രൂട്ട് ചെയ്യും. ഹറമിലെ ഇലക്‌ട്രോണിക്ക് വീല്‍ ചെയറുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലവും പ്രവര്‍ത്തന രീതിയും പരിചയപ്പെടുത്തുവാനും വളണ്ടിയര്‍മാരെ നിയമിച്ചിട്ടുണ്ട്.

DONT MISS
Top