ആലഞ്ചേരിയ്ക്ക് ആശ്വാസം; ഭൂമി വില്‍പ്പന വിവാദത്തില്‍ കേസെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എറണാകുളം അതിരൂപതയുടെ ഭൂമി വില്‍പ്പന വിവാദവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ കേസെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കര്‍ദിനാളിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്. ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കര്‍ദിനാളിനെതിരെ കേസ് എടുക്കണമെന്ന് നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെയായിരുന്നു കര്‍ദിനാള്‍ കോടതിയെ സമീപിച്ചിരുന്നത്. ഈ ഹര്‍ജിയില്‍ കോടതി അന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസിലെ തുടര്‍ നടപടികള്‍ അന്ന് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.

ഭൂമി വില്‍പ്പന വിവാദത്തില്‍ വഞ്ചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കണമെന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. അന്ന് കര്‍ദിനാളിന്റെ പ്രസ്താവനകളെയും നിലപാടുകളെയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കര്‍ദിനാളിനെതിരെ കേസ് എടുക്കാന്‍ വൈകിയതിനെ കോടതി വിമര്‍ശിച്ചിരുന്നു. കര്‍ദിനാളിന് പൊലീസ് പ്രത്യേക പരിഗണന നല്‍കുന്നുണ്ടോ എന്നും അന്ന് കോടതി ചോദിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് കര്‍ദിനാളിന് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് അന്ന്  കോടതി  പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തനിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദ്ദിനാള്‍ കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ഇന്ന് കോടതി നടപടി. കര്‍ദിനാളിനെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ് ഹൈക്കോടതിയുടെ ഉത്തരവ്.

DONT MISS
Top