കര്‍ണാടക തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി യെദ്യൂരപ്പ: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ബിഎസ് യെദ്യൂരപ്പ

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ നിയമാസഭാ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി ബിഎസ് യെദ്യൂരപ്പ. കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിവിപാറ്റ് മെഷിനുകള്‍ കണ്ടെത്തിയത് ഇതിന് തെളിവാണെന്ന് കാട്ടി യെദ്യൂരപ്പ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്.

കര്‍ണാടകയിലെ വിജയപ്പൂര്‍ ജില്ലയില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിവിപാറ്റ് മെഷിനുകള്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍ സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പാണ് നടന്നതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഒപി റാവത്തിനയച്ച കത്തില്‍ യെദ്യൂരപ്പ ആരോപിച്ചു.

അതേസമയം വിജയപ്പൂരില്‍ നിന്ന് കണ്ടെത്തിയത് ബാര്‍കോഡില്ലാത്ത എട്ട് പെട്ടികളാണെന്നും, അതില്‍ വിവിപാറ്റ് മെഷിനുകള്‍ ഉണ്ടായിരുന്നില്ലെന്നും കര്‍ണാടകയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ഉപയോഗിച്ചിരുന്ന വിവിപാറ്റുകള്‍ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ലഭിച്ചത് കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top