ചെങ്ങന്നൂര്‍ വിധിയെഴുതാന്‍ ഇനി അഞ്ചു നാള്‍; അങ്കം ജയിക്കാന്‍ അരയും തലയും മുറുക്കി മുന്നണികള്‍

പൊതുതെരഞ്ഞെടുപ്പിനോളം പ്രാധാന്യമുള്ള ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത് അഞ്ചു നാള്‍ മാത്രം. ജയപരാജയങ്ങളും വോട്ട് നിലയുമൊക്കെ മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമായ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചരണങ്ങളുടെ ശബ്ദകോലാഹങ്ങളിലാണ് ചെങ്ങന്നൂര്‍. മുതിര്‍ന്ന നേതാക്കള്‍ മുതല്‍ കീഴ്ഘടകങ്ങളിലെ അവസാന പ്രവര്‍ത്തകര്‍ വരെ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന മത്സരത്തിന്റെ ആവേശത്തിലാണ് മണ്ഡലമാകെ.

ഒരു മുന്നണിയ്ക്കും അമിത പരിഗണന നല്‍കിയ പാരമ്പര്യമില്ലാത്ത മണ്ഡലമായതു കൊണ്ടു തന്നെ സ്വാധീനിക്കാന്‍ കഴിയുന്ന ഓരോ വോട്ടുകളും വിലപ്പെട്ടതാണ്. കേന്ദ്രസംസ്ഥാന മന്ത്രിമാരും പാര്‍ട്ടിനേതാക്കന്‍മാരാകെയും ഇവിടെ തമ്പടിക്കുന്നതിനുള്ള കാരണവും മറ്റൊന്നല്ല. ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമെന്ന നിലയിലും ചെങ്ങന്നൂര്‍ പ്രാധാന്യമര്‍ഹിക്കുന്നു.

തൊട്ടടുത്തെത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാറ്റ് എങ്ങോട്ടു വീശുമെന്നതിനുള്ള ദിശാസൂചകം തന്നെയായിരിക്കും ചെങ്ങന്നൂരിലെ ഫലം. അതിനൊപ്പം സംസ്ഥാനത്തെ മൂന്നു മുന്നണികള്‍ക്കും ജനവിധി അതിപ്രധാനമാകുന്നതിന് കാരണങ്ങള്‍ നിരവധിയാണ്. ചെങ്ങന്നൂരിലെ അങ്കത്തട്ടില്‍ വാണവരും വീണവരും ആരു തന്നെയായാലും പരിക്ക് കുറച്ചു നാള്‍ കൂടി തുടരും എന്നത് തന്നെയാണ് അതില്‍ ഏറ്റവും പ്രധാനം.

സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന നടക്കുന്ന മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിലേത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കും വേങ്ങരയിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ പരാജയമേറ്റു വാങ്ങിയെങ്കിലും രണ്ടും ലീഗ് കോട്ടകളെന്ന നിലയില്‍ സര്‍ക്കാരിന്റെ വിലയിരുത്തലായി കാണാനാകുമായിരുന്നില്ല. എന്നാല്‍ ചെങ്ങന്നൂരില്‍ അതല്ല സ്ഥിതി. യുഡിഎഫിന്റെ കൈയില്‍ നിന്നും കഴിഞ്ഞ തവണ പിടിച്ചെടുത്ത സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുക എന്നത് എല്‍ഡിഎഫിന് അഭിമാനപ്രശ്‌നം തന്നെയാണ്. ചെങ്ങന്നൂരില്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയാണ് നടക്കുക എന്നു നേതാക്കള്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ത്രിപുരയടക്കം കൈവിട്ട സാഹചര്യത്തില്‍ സിപിഐഎമ്മിനെ സംബന്ധിച്ച് അഖിലേന്ത്യാ തലത്തിലും ചെങ്ങന്നൂരിന് പ്രധാന്യമുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെടുകയും ബിജെപി മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്താല്‍ തകര്‍ന്നു വീണ ത്രിപുരയ്ക്കും ബംഗാളിനുമൊപ്പം കേരളവും കൈവിടാന്‍ പോകുന്നുവെന്ന പ്രചരണത്തിന് കരുത്തു പകരുക തന്നെ ചെയ്യും. മണ്ഡലത്തില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ രാജ്യമാകെ ശക്തി പ്രാപിക്കുന്ന ബിജെപിയുടെ തേരോട്ടത്തെ കേരളം തടഞ്ഞു നിര്‍ത്തിയെന്ന ഖ്യാതിയും സിപിഐഎമ്മിന് നേടിയെടുക്കാം. അതുകൊണ്ട് തന്നെ വ്യക്തിപരമായി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന നേതൃത്വത്തിനും വിജയം അനിവാര്യമാണ്.

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ചെങ്ങന്നൂരില്‍ വിജയിക്കുക എന്നത് ജീവന്‍മരണപോരാട്ടം തന്നെയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തല്‍ കൂടിയാണ് ഇവിടെ നടക്കുക എന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനെതിരെ തങ്ങളുന്നിയിച്ച ആരോപണങ്ങള്‍ വോട്ടര്‍മാര്‍ എങ്ങിനെ പരിഗണിച്ചുവെന്നത് തെളിയിക്കേണ്ട ബാധ്യതയും യുഡിഎഫിനുണ്ട്. വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്ന കര്‍ണാടകയിലും മുന്നേറ്റമുണ്ടാക്കാനാകാതായതോടെ വളക്കൂറുള്ള ചെങ്ങന്നൂര്‍ തിരികെ പിടിക്കുക എന്നത് കോണ്‍ഗ്രസിന് പ്രധാനം തന്നെയാണ്. കഴിഞ്ഞ തവണയുണ്ടായത് ചില പ്രത്യേക സാഹചര്യങ്ങള്‍ മാത്രമാണെന്നും ചെങ്ങന്നൂര്‍ കോണ്‍ഗ്രസ് മണ്ഡലമാണെന്നും നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ തവണ അപ്രതീക്ഷിത കുതിച്ചു കയറ്റം നടത്തിയ ബിജെപിയെ ഇത്തവണ പിടിച്ചു നിര്‍ത്താന്‍ കഴിയുമോ എന്നതും കോണ്‍ഗ്രസിനോടുള്ള ചോദ്യമാകും. രണ്ടു സ്ഥാനാര്‍ഥികളും നേടുന്ന വോട്ട്‌വിഹിതം കൃത്യമായി പരിശോധിക്കപ്പെടുമെന്നതാണ് മുഖ്യം. വിജയിച്ചാല്‍ കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ് തിരിച്ചുവരവിന് അത് ഉണര്‍വ് പകരും. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്കും യുഡിഎഫില്‍ കൂടുതല്‍ ഐക്യമുണ്ടാകും. ആടിയുലഞ്ഞു നില്‍ക്കുന്ന ഘടക കക്ഷികളെയും, എല്‍ഡിഎഫില്‍ പ്രവേശനം കിട്ടാതെ പുറത്തു നില്‍ക്കുന്നവരെയും തിരിച്ചെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്കും ചെങ്ങന്നൂര്‍ വഴിയൊരുക്കും. കെഎം മാണിയും, ബിഡിജെഎസുമൊക്കെ യുഡിഎഫ് കണ്ണുവെയ്ക്കുന്നവര്‍ തന്നെയാണെന്നതും ശ്രദ്ധേയമാണ്.

അങ്കത്തട്ടില്‍ ഏറ്റവും ശ്രദ്ധേയ പോരാട്ടം ബിജെപിയുടേത് തന്നെയാണ്. കഴിഞ്ഞ തവണത്തെ മിന്നുന്ന പ്രകടനം ഇക്കുറിയും മണ്ഡലത്തില്‍ ആവര്‍ത്തിക്കാനാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 2011 ല്‍ ബി രാധാകൃഷ്ണമേനോന്‍ നേടിയ 6062 വോട്ടാണ് കഴിഞ്ഞ തവണ പിഎസ് ശ്രീധരന്‍പിള്ള 42682 വോട്ടായി ഉയര്‍ത്തിയത്. ഒരു പഞ്ചായത്തില്‍ ഒന്നാമതും നാല് പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനത്തേയ്ക്കും ബിജെപി കുതിച്ചുകയറി. ശതമാനക്കണക്കില്‍ 4.84 എന്നതില്‍ നിന്ന് 29.36 ആയിട്ടായിരുന്നു വര്‍ധന. കഴിഞ്ഞ തവണ ഒപ്പമുണ്ടായിരുന്ന ബിഡിജെഎസ് നിസഹകരണം തുടരുന്ന അവസ്ഥയില്‍ പ്രകടനം ആവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലേക്കുള്ള കടന്നുവരവിനും ബിജെപിയ്ക്ക് ചെങ്ങന്നൂര്‍ വഴിയൊരുക്കി നല്‍കും. കശ്മീരും, കര്‍ണാടകയും, പെട്രോള്‍ വിലവര്‍ധനവുമൊക്കെ മറികടക്കാന്‍ കഴിയുന്ന ചിട്ടയായ പ്രവര്‍ത്തനമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ ബിജെപി നേതൃത്വം നടത്തിവരുന്നത്. എന്നാല്‍ പിന്നാക്കം പോയാല്‍ എസ്എന്‍ഡിപി നേതൃത്വത്തിന്റെയടക്കമുള്ള ചോദ്യങ്ങളെ ബിജെപി പ്രതിരോധിക്കേണ്ടതായി വരും. കേരളം ബിജെപിയ്ക്ക് ബാലികേറാമല തന്നെ എന്ന വിലയിരുത്തലിനും അത് ആക്കം കൂട്ടും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറ്റിടങ്ങളിലും നേതൃത്വത്തിന് മറുപടി നല്‍കേണ്ടി വരുമെന്നതും ബിജെപിയ്ക്ക് വിജയം അനിവാര്യമാക്കുന്ന ഘടകങ്ങളാണ്.

DONT MISS
Top