നിപാ ബാധിച്ച് മരിച്ച സഹോദരങ്ങളെ പരിചരിച്ച രണ്ട് നഴ്‌സുമാര്‍ കൂടി പനി ബാധിച്ച് ആശുപത്രിയില്‍

പ്രതീകാത്മക ചിത്രം

കോഴിക്കോട്: നിപാ വൈറസ് ബാധിച്ചുമരിച്ച പേരാമ്പ്ര സ്വദേശികളായ സഹോദരങ്ങളെ ശുശ്രൂഷിച്ച രണ്ട് നഴ്‌സുമാരെ കൂടി രോഗബാധയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി വളച്ചുകെട്ടി വീട്ടില്‍ മൂസയുടെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് ബാധിച്ച് മരിച്ചത്.

സാലിഹിനെയും സാബിത്തിനെയും ആദ്യഘട്ടത്തില്‍ പരിചരിച്ച പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലെ നഴ്‌സുമാരായ ഷിജി, ജിഷ്ണ എന്നീ നഴ്‌സുമാരെയാണ് ഇന്ന് രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ വൈറസ് പനിയുടെ ലക്ഷണങ്ങളാണ് ഉള്ളതെങ്കിലും ഇരുവര്‍ക്കും നിപ വൈറസ് ബാധയാണ് പിടിപെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

സാലിഹിനെയും സാബിത്തിനെയും ആദ്യഘട്ടത്തില്‍ പ്രവേശിപ്പിച്ചിരുന്നപ്പോള്‍ ഇവരെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ചെമ്പനോട സ്വദേശി ലിനി രോഗം ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗം പിടിപെട്ടവരെ ചിതിത്സിച്ച മറ്റൊരു ആശുപത്രിയിലെ നഴ്‌സുമാര്‍ക്കും സമാനരോഗ ലക്ഷങ്ങള്‍ കാണപ്പെട്ടത്.

പത്തുപേര്‍ നിപ വൈറസ് ബാധിച്ചുമരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളുള്ളതെങ്കിലും മൂന്നുപേര്‍ മാത്രമാണ് നിപ വൈറസ് മൂലം മരിച്ചതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിലപാട്. സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ഇക്കാര്യം കോഴിക്കോട് മാധ്യങ്ങളോടു് സ്ഥിരീകരിച്ചു. മറ്റ് മരണങ്ങള്‍ നിപ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ശ്രവപരിശോധന ഫലങ്ങള്‍ വന്നാല്‍ മാത്രമേ ഇക്കാര്യത്തിന് വ്യക്തത വരുകയുള്ളൂവെന്നുമാണ് മന്ത്രി അറിയിച്ചത്.

അതേസമയം, സാലിഹിന്റെയും സാബിത്തിന്റെയും പിതാവായ മൂസയിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജിലെ പ്രത്യേക വാര്‍ഡില്‍ ചികിത്സയിലാണ്. മൂസയുടെ സഹോദരന്‍ മൊയ്തു ഹാജിയുടെ ഭാര്യ മറിയവും പനി ബാധിച്ച് ഈ മാസം 19 ന് മരിച്ചിരുന്നു. എന്നാല്‍ മറിയത്തിന്റെ മരണം നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മെയ് അഞ്ചിനായിരുന്നു സാബിത്ത് മരിച്ചത്. സഹോദരന്‍ സാലിഹ് 18 നായിരുന്നു മരിച്ചത്.

നേരത്തെ മൂസയും മക്കളും കിണര്‍ വൃത്തിയാക്കാന്‍ കിണറ്റിലിറങ്ങിയിരുന്നു. ഈ കിണറ്റില്‍ വവ്വാലുകള്‍ ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. വവ്വാലുകള്‍ വഴിയാണ് നിപ വൈറസ് പടര്‍ന്നതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

DONT MISS
Top