ചെങ്ങന്നൂരില്‍ സിപിഐഎം-കോണ്‍ഗ്രസ് അവിശുദ്ധ ധാരണയെന്ന് എംടി രമേശ്

എംടി രമേശ്

ചെങ്ങന്നൂര്‍: ബിജെപി വിരുദ്ധ കര്‍ണാടക മോഡല്‍ രാഷ്ട്രീയമാണ് ചെങ്ങന്നൂരില്‍ സിപിഐഎമ്മും കോണ്‍ഗ്രസും നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ബിജെപിയെ തോല്‍പിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ അവിശുദ്ധ ധാരണയിലാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി മുന്നേറ്റം തടയാന്‍ ഇരുവരും കൈകോര്‍ത്തിരിക്കുകയാണ്. കേരളത്തിന്റെ പൊതുവിഷയങ്ങള്‍ ചെങ്ങന്നൂരില്‍ ചര്‍ച്ചയാക്കാന്‍ ഇരുമുന്നണികളും ആഗ്രഹിക്കുന്നില്ല. ചെങ്ങന്നൂരില്‍ പ്രചരണത്തിനെത്തുന്ന ഇരുമുന്നണികളുടെയും നേതാക്കള്‍ ബിജെപിക്കെതിരെയാണ് സംസാരിക്കുന്നത്. വിഎസ് മണ്ഡലത്തില്‍ പ്രസംഗിച്ചപ്പോള്‍ ഒരിക്കല്‍ പോലും സോളാര്‍ വിഷയം പരാമര്‍ശിച്ചില്ല. സോളാര്‍കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നാളിതുവരെ അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുകപോലും ചെയ്തിട്ടില്ല. സോളാറില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താന്‍ സിപിഐഎമ്മും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണിതെന്ന് രമേശ് ആരോപിച്ചു.

ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് യുഡിഎഫ് പിന്മാറിയതും ഇതിന്റെ ഭാഗമായാണ്. ഹരിപ്പാട് മെഡിക്കല്‍ കോളെജ് അഴിമതിക്കെതിരെ സമരം ചെയ്തവര്‍ തന്നെ രമേശ് ചെന്നിത്തലയെ നിയമസഭയിലെത്തിക്കാന്‍ സഹായിച്ചുവെന്നത് എല്ലാവര്‍ക്കും അറിയാം. അതിന്റെ പ്രത്യുപകാരം ചെങ്ങന്നൂരിലുണ്ടാകുമെന്ന ധാരണയാണ് അവര്‍ തമ്മിലുള്ളത്. പി കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ടിട്ട് അഞ്ച് വര്‍ഷമായിട്ടും യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതും ഒത്തുതീര്‍പ്പ് രാഷ്ട്രീയം മൂലമാണ്. ഏപ്രില്‍ 16ന് മലപ്പുറത്ത് ഹര്‍ത്താലിന്റെ മറവില്‍ നടത്തിയ കലാപത്തെക്കുറിച്ച് അന്വേഷിക്കാത്തത് തീവ്രവാദികളുടെ വോട്ട് മോഹിച്ചാണെന്നും രമേശ് ആരോപിച്ചു.

DONT MISS
Top