മാണിയുടെ പിന്തുണ തേടി യുഡിഎഫ് സംഘം പാലായിലെത്തി; നാളെ നിലപാട് പ്രഖ്യാപിക്കുമെന്ന് മാണി

മാണിയെ സന്ദര്‍ശിക്കാനെത്തിയ യുഡിഎഫ് നേതാക്കള്‍

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയെ കാണാനായി യുഡഎഫ് നേതാക്കള്‍ പാലായിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍, മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് പാലായിലെ മാണിയുടെ വസതിയിലെത്തിയത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന് ഉറപ്പാക്കുന്നതിനായാണ് യുഡിഎഫ് നേതാക്കള്‍ ഇന്ന് മാണിയുമായി കൂടിക്കാഴ്ച നടത്തിയത്. ചെങ്ങന്നൂരിലെ നിലപാട് നാളെ ചേരുന്ന പാര്‍ട്ടി ഉപസമിതി യോഗത്തിലുണ്ടാകുമെന്ന് നേരത്തെ കേരള കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് നേതാക്കള്‍ മാണിയെ ഇന്ന് കണ്ട് ചര്‍ച്ച നടത്തിയത്.

ചെങ്ങന്നൂരിലെ നിലപാട് നാളെ പ്രഖ്യാപിക്കുമെന്നാണ് ചര്‍ച്ചക്കുശേഷവും മാണി പ്രതികരിച്ചത്. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് യുഡിഎഫ് നേതാക്കള്‍
മാണിയുടെ വസതിയിലെത്തിയതെങ്കിലും മാണിയുടെ യുഡിഎഫ് പുനപ്രവേശനമാണ് നേതാക്കളുടെ സന്ദര്‍ശലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎഡിഎഫിലേക്ക് മാണി തിരികെ വരണമെന്ന് യുഡിഎഫ് നേതാക്കള്‍ മാണിയോടെ ആവശ്യപ്പെട്ടതായാണ് സൂചന.

ഇടത് മുന്നണിയിലേക്ക് പോകാനുള്ള ശ്രമങ്ങള്‍ മാണി നടത്തുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ പിജെ ജോസഫ് വിഭാഗം ഇതിനെ എതിര്‍ക്കുകയാണ്. ഇടതുപക്ഷത്ത് സിപിഐഎമ്മില്‍ വിഎസ് അച്യുതാനന്ദനും സിപിഐയും മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന് കടുത്ത എതിര്‍പ്പു തുടരുകയുമാണ്. ഈ സാഹചര്യത്തില്‍ യുഡിഎഫ് പക്ഷത്തേക്ക് തന്നെ മാണി ഗ്രൂപ്പ് തിരിച്ചുവരണമെന്ന് പാര്‍ട്ടിയില്‍തന്നെ അഭിപ്രായമുയരുന്നുണ്ട്.

ഇന്നത്തെ മാണി -യുഡിഎഫ് ചര്‍ച്ചയോട് പിജെ ജോസഫ് അനുകൂലമായാണ് പ്രതികരിച്ചത്. ഇന്ന് നടന്ന ചര്‍ച്ച ഏറെ പ്രധാനപ്പെട്ടതാണെന്നാണ് ജോസഫ് അറിയിച്ചു.

അതേസമയം, മാണിയെ കാണാനെത്തിയ യുഡിഎഫ് സംഘത്തോട് ഏറെ അനുകൂലമായല്ല മാണി പ്രതികരിച്ചതെന്ന വാര്‍ത്തകളും വരുന്നുണ്ട്. ബാര്‍ കോഴക്കേസിന്റെ സമയത്ത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ പാടെ അവഗണിക്കുന്ന സമീപനമാണ് മാണി സ്വീകരിച്ചതെന്നും വാര്‍ത്തകളുണ്ട്. ചെന്നിത്തലയ്ക്ക് ഹസ്തദാനം ചെയ്യാന്‍ മാണി തയാറായില്ല. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടാണ് മാണി യുഡിഎഫ് വിട്ടത്.

DONT MISS
Top