നിപാ വൈറസ്; കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തി; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി


കെകെ ശൈലജ(ഫയല്‍ ചിത്രം)

കോഴിക്കോട്: നിപാ വൈറസ് തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. വായുവിലൂടെ പടരുന്ന രോഗമല്ലാത്തതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് നടന്ന അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിപാ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി.

നിപാ വൈറസ് ബാധിച്ച് മരിച്ച മൂന്നൂപേര്‍ മരിച്ച വീട്ടിലെ കിണറ്റില്‍ നിന്നും വവ്വാലുകളെ കണ്ടെത്തിതായി ആരോഗ്യമന്ത്രി അറിയിച്ചു. പേരാമ്പ്ര സ്വദേശി മൂസയുടെ കിണറ്റിലെ വെള്ളത്തില്‍ നിന്നുമാണ് വൈറസ് പടര്‍ന്നതെന്നാണ് നിഗമനം. മണിപ്പാലില്‍ നിന്നും എത്തിയ സംഘം പേരാമ്പ്രയില്‍ പരിശോധന നടത്തിയിരുന്നു. പ്രദേശത്തു നിന്നും മാമ്പഴങ്ങള്‍ ശേഖരിക്കുകയും അവ പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.

സംശയം തോന്നുന്ന രക്തസാമ്പിളുകള്‍ എല്ലാം തന്നെ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മരിക്കുന്നവര്‍ എല്ലാം തന്നെ നിപാ വൈറസ് ബാധിച്ചതുമൂലമാകണമെന്നില്ല. പരിശോധനകള്‍ക്ക് ശേഷം മാത്രമേ അത് സ്ഥിരീകരിക്കാന്‍ സാധിക്കൂ. നിലവില്‍ മൂന്നേ പേര്‍ മാത്രമാണ് നിപാ വൈറസ് ബാധമൂലം മരിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളു. നാലാമതൊരാള്‍ക്ക് കൂടി വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

രണ്ടാമത്തെ മരണം സംഭവിച്ച ഉടന്‍ തന്നെ വിവരം കേന്ദ്രത്തെ അറിയിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജും പനിബാധിത മേഖലകളും സന്ദര്‍ശിക്കുന്നതിനായി കേന്ദ്ര സംഘവും ഇന്ന് കോഴിക്കോട് എത്തും. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു.

ഇതിനിടെ, നിപാ വൈറസ് ബാധിച്ചവരെ ചികിത്സിച്ച നഴ്‌സ് മരിച്ചു. ചെമ്പനോട സ്വദേശിയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുമായ ലിനിയാണ് മരിച്ചത്. എന്നാല്‍ ലിനിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. വൈറസ് കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാനാണ് മൃതദേഹം വിട്ടുനല്‍കാതിരുന്നത്. ഇതിന് വീട്ടുകാര്‍ സമ്മതം നല്‍കിയിരുന്നു.

DONT MISS
Top