പനി മരണം ഒമ്പതായി; കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് എത്തും

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തുമായി പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. പനി മരണത്തിന് പിന്നില്‍ നിപാ വൈറസ് ആണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് എത്തും. ആരോഗ്യ മന്ത്രി കെകെ ശൈലജയുടെയും എക്‌സൈയ്‌സ് മന്ത്രി ടിപി രാമകൃഷ്ണന്റെയും അധ്യക്ഷതയില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഉന്നതതല യോഗം ചേരും. നിപാ വൈറസ് കൂടുതല്‍ ഇടങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പനി മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.

കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച ശേഷം വന്ന റിപ്പോര്‍ട്ടിലാണ് പനിക്ക് കാരണം നിപാവൈറസാണെന്ന് സ്ഥിരീകരിച്ചത്. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ് പേര്‍ കൂടി ഇന്നലെ രാത്രിയോടെ മരിച്ചു.

കോഴിക്കോട് കൂട്ടാലിട സ്വദേശി ഇസ്മയില്‍, പേരാമ്പ്ര സാദേശിനി ജാനകി, മലപ്പുറം മൂന്നിയൂര്‍ ആലിന്‍ ചുവട് സ്വദേശിനി സിന്ധു, തെന്നല സ്വദേശിനി ഷിജിത, ചട്ടിപറമ്പ് സ്വദേശി മുഹമ്മദ് ഷിബിലി, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പനിബാധിച്ച് മരിച്ച രണ്ട് പേര്‍ക്ക് കണ്ട അതേ ലക്ഷണവുമായി കഴിഞ്ഞ പത്ത് ദിവസമായി ഇസ്മയിലും, ഒരാഴ്ചയായി വേലായുധനും ചികിത്സയിലായിരുന്നു. ഇതോടെ ഇതുവരെ പനിബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി.

പനി നേരിടാന്‍ സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനതിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ ആണ് മെഡിക്കല്‍ ടീമിനെ അയക്കാന്‍ തീരുമാനിച്ചത്. ഒപ്പം ആരോഗ്യമന്ത്രി കെകെ ശൈലജയും ഇന്ന് പനിബാധിത പ്രദേശം സന്ദര്‍ശിക്കും. ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ചവര്‍ ഏറെയും. അതുകൊണ്ട് തന്നെ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കഴിഞ്ഞദിവസം ആരോഗ്യ അധികൃതര്‍ നല്‍കിയ ജാഗ്രാതാനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ യുവി ജോസ് അറിയിച്ചു.

DONT MISS
Top