“ഇരുളിന്റെ നാളുകള്‍”; മുലച്ചിപ്പറമ്പിലെ നങ്ങേലിയുടെ കഥപറയാന്‍ വിനയന്‍

ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച് അംഗപരിത്യാഗം ചെയ്ത് മരണം വരിച്ച മുലച്ചിപ്പറമ്പിലെ നങ്ങേലിയുടെ ജീവിതം വിനയന്‍ ചലച്ചിത്രമാക്കുന്നു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിനയന്‍തന്നെയാണ് തന്റെ പുതുചിത്രത്തിന്റെ വിശേഷങ്ങള്‍ പരസ്യപ്പെടുത്തിയത്. ഇന്ത്യയിലെ ആദ്യത്തെ വിപ്ലവ നായികയാണ് നങ്ങേലി എന്നും വിനയന്‍ വിശേഷിപ്പിച്ചു.

അക്കാലത്തേക്കുറിച്ച് സത്യസന്ധമായി പറഞ്ഞാല്‍ ബിംബങ്ങള്‍ പലതും ഉടയും എന്ന സൂചനയും വിനയന്‍ നല്‍കി. തന്റെ പൂര്‍ത്തിയാകാറായ ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതി വൈകുന്നത് എന്തുകൊണ്ടെന്നും വിനയന്‍ വിശദമാക്കുന്നുണ്ട്. നിര്‍മാതാവിന്റെ അലംഭാവമാണ് ചിത്രം വൈകിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്‌.

അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് താഴെ വായിക്കാം.

വളരെ വർഷങ്ങളായി ചലച്ചിത്രമാക്കണമെന്നു മനസ്സിൽ ആഗ്രഹിക്കുകയും.. പക്ഷേ സത്യസന്ധമായ ചരിത്രം പറഞ്ഞാൽ ചില ചരിത്ര ബിംബങ്ങൾ ഉടഞ്ഞു വീഴുമെന്നും അതുകൊണ്ടു തന്നെ വിവാദമാകുമെന്നും പലരും പറഞ്ഞതിനാൽ മാറ്റി വയ്ക്കപ്പെട്ട ലോകം കണ്ടതിലേക്കും വലിയ സ്ത്രീ വിമോചന നായികയുടെ കഥ ഒടുവിൽ ഞാൻ സിനിമ ആക്കാൻ തീരുമാനിച്ചു. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടനിലെ ബെക്കിംഗ്ഹാം കൊട്ടാരം വരെ എത്തിയ കേരളത്തിലെ ധീര വനിതയുടെ പേരാണ് “നങ്ങേലി”ഇന്ത്യയിലെആദ്യത്തെ വിപ്ലവ നായിക. സ്ത്രീയുടെ ആത്മാഭിമാനത്തിനു വേണ്ടിയും മാറുമറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയും തൻറെ യ്യൗവ്വന കാലംമുഴുവൻ പൊരുതി മുപ്പതാംവയസ്സിൽ ജീവത്യാഗം ചെയ്ത ചേർത്തലയിലെ ആ അവർണ്ണ സുന്ദരി നങ്ങേലിയുടെ കഥ നമ്മുടെ ചരിത്രകാരൻമാർ തമസ്കരിച്ചത് യാദൃഛികമല്ല..

മുലച്ചിപ്പറമ്പിലെ നങ്ങേലിയുടെയും സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്നു വിളിച്ച ആ കാലഘട്ടത്തിൻെറയും ചരിത്രം പറഞ്ഞാൽ നമ്മുടെ ചരിത്രകാരൻമാർ രാജ്യസ്നേഹികളെന്നും, നീതിമാൻമാരെന്നും വിശേഷിപ്പിച്ചിരുന്ന പൊന്നു തമ്പുരാക്കൻമാരേം ദളവാ മാരേം അവരുടെ അലൻകാര വേഷങ്ങൾ അഴിച്ചു വച്ച് ചരിത്രത്തിൻെറ മുന്നിൽ നഗ്നരായി നിർത്തേണ്ടി വരും അതിനവർ തയ്യാറല്ലായിരുന്നു.. അതാണു സത്യം.. 

മധുരയിലെ പാണ്ഡൃരാജാവിൻെ മുന്നിൽ മുല പറിച്ച് നിലത്തടിച്ച് പ്രതികാര ദുർഗ്ഗയായി മാറി മധുരാ നഗരം ചുട്ടെരിച്ച കണ്ണകിയേപ്പോലെ തൻെറ സഹോദരിമാരുടെ മാനം കാക്കാൻ സ്വയം കണ്ണകിയായി മാറുകയായിരുന്നു നങ്ങേലി. 

നങ്ങേലിയുടെ പോരാട്ടത്തിൻെറയും പ്രണയത്തിൻെറയും പ്രതികാരത്തിൻെറയും കഥയാണ് “ഇരുളിൻെറ നാളുകൾ” .ചിത്രത്തിൻെറ ഷൂട്ടിംഗ് താമസിയാതെ തുടങ്ങും.. 

ഞാൻ വളരെ ഏറെ പ്രതീക്ഷ അർപ്പിച്ചു തുടങ്ങിയതും കേരളത്തിലെ ജനങ്ങൾ അതിലേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമായ “ചാലക്കുടിക്കാരൻ ചെങ്ങാതിയുടെ” ഷൂട്ടിംഗ് ഇനി പത്തു ശതമാനം കൂടി പൂർത്തിയാകാനുണ്ട്.. പൂർത്തി ആയിടത്തോളം അതിമനോഹരമായി വന്നിട്ടുണ്ടന്ന് കണ്ട സുഹൃത്തുക്കൾ പറയുന്നു.. ചിത്രത്തിൻെറ നിർമ്മാതാവിൻെറ അലംഭാവം കൊണ്ടുണ്ടായ കാലതാമസം ഉടനേ പരിഹരിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.. കലാഭവൻ മണിയുടെ കഥപറയുന്ന ആ ചിത്രം വളരെയേറെ വ്യത്യസ്ഥവും പുതുമ നിറഞ്ഞതും ആയിരിക്കും എന്നതുപോലെ തന്നെ.. “ഇരുളിൻെറ നാളുകളും” എൻെറ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായിരിക്കും.. നിങ്ങളുടെ ഏവരുടെയും അനുഗ്രവും സപ്പോർട്ടും ഉണ്ടാവണം…
സ്നേഹപുർവ്വം..
വിനയൻ
(concept poster- sethu sivanandan)

DONT MISS
Top