ചിറകരിഞ്ഞ് ഡെല്‍ഹി: പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്

ഡെല്‍ഹി താരങ്ങളുടെ ആഹ്ലാദം

ദില്ലി: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തല്ലിക്കെടുത്തി ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്. നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ 11 റണ്‍സിനായിരുന്നു ഡെല്‍ഹിയുടെ വിജയം. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അമിത് മിശ്ര, സന്ദീപ് ലാമിച്ചാനെ ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ പ്രകടനമാണ് മുംബൈയെ തകര്‍ത്തത്. ഡെല്‍ഹി നേരത്തെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡെല്‍ഹി ഋഷഭ് പന്തിന്റെയും വിജയ് ശങ്കറിന്റെയും ബാറ്റിംഗ് കരുത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. ഋഷഭ് 44 പന്തില്‍ 64 റണ്‍സും ശങ്കര്‍ 30 പന്തില്‍ 43 റണ്‍സ് അടിച്ചെടുത്തു. ഗ്ലെയ്ന്‍ മാക്‌സ്‌വെല്‍(22), അഭിഷേക് ശര്‍മ്മ(15) എന്നിവരും ഡെല്‍ഹിക്ക് വേണ്ടി സ്‌കോര്‍ ചെയ്തു. മുംബൈക്കായി ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രിത് ബുംറ, മയങ്ക് മാര്‍കണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്കായ് ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവും, എവിന്‍ ലൂയിസും മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ സ്‌കോര്‍ ബോര്‍ഡ് 12 ല്‍ നില്‍ക്കെ യാദവിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സന്ദീപ് ലാമിച്ചനെയുടെ പന്തില്‍ വിജയ് ശങ്കര്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. പിന്നാലെയെത്തിയ ഇഷാന്‍ കിഷാന്‍, കിറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്ക് ഡെല്‍ഹിയുടെ ബോളിംഗിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. എവിന്‍ ലൂയിസ് 31 പന്തില്‍ 48 റണ്‍സെടുത്തു. നിര്‍ണായക മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മ്മ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

തുടര്‍ന്ന് ക്രീസിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും ഡെല്‍ഹിയുടെ ബോളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ബെന്‍ കട്ടിംഗിന്റെ പ്രകടനം മുംബൈയെ ജയത്തിന്റെ തൊട്ടരികില്‍ എത്തിച്ചു. എന്നാല്‍ 20 പന്തില്‍ 37 റണ്‍സെടുത്ത കട്ടിംഗ് പുറത്തായതോടെ മുന്‍ ചാമ്പ്യന്മാരുടെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു. 19.3 ഓവറില്‍ 163 റണ്‍സിന് മുംബൈ ഓള്‍ഔട്ടായി. അമിത് മിശ്രയാണ് കളിയിലെ താരം.

DONT MISS
Top