കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയം, ബിജെപിയുടേയും ഗവര്‍ണറുടേയും നടപടി ജനാധിപത്യത്തെ പരിഹസിക്കല്‍: രജനികാന്ത്


ചെന്നൈ: കര്‍ണാടകയിലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളില്‍ വ്യക്തമായ അഭിപ്രായം പ്രകടിപ്പിച്ച് തമിഴകത്തിന്റെ സ്റ്റൈല്‍മന്നന്‍ രജനികാന്ത്. കര്‍ണാടകയില്‍ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്നാണ് അദ്ദേഹം പറഞ്ഞത്. യദ്യൂരപ്പയ്ക്ക് ഗത്യന്തരമില്ലാതെ രാജിവയ്‌ക്കേണ്ടതിനേക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി കൂടുതല്‍ സമയം ചോദിച്ചതും ഗവര്‍ണര്‍ 15 ദിവസം നല്‍കിയതും ജനാധിപത്യത്തെ പരിഹസിക്കുന്നതായിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുന്ന വിധിയാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. അതില്‍ താന്‍ നന്ദിപറയുന്നുവെന്നും രജനി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്റെ പാര്‍ട്ടിയേക്കുറിച്ച് വ്യക്തമായൊരു രൂപം നല്‍കാന്‍ രജനി തയാറായില്ല. എന്തും നേരിടാന്‍ തയാറാണ്. അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായതിന് ശേഷം മാത്രം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രജനികാന്തുമായി ഏതെങ്കിലും തരത്തിലുള്ള ബാന്ധവമുണ്ടാക്കാം എന്നുപ്രതീക്ഷിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നിലവില്‍ അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകള്‍. ഈ സാഹചര്യത്തില്‍ ദക്ഷിണേന്ത്യ എന്നത് ബിജെപിയുടെ സ്വപ്‌നഭൂമിയായി അവസാനിക്കാനുള്ള സാധ്യതയേറെയാണ്.

DONT MISS
Top