കുട്ടികളുടെ അശ്ലീല വീഡിയോകള്‍ക്കെതിരെ നടപടി എടുത്തില്ല; ഗൂഗിളിനും ഫെയ്‌സ് ബുക്കിനും ഒരു ലക്ഷം രൂപ പിഴ

പ്രതീകാത്മക ചിത്രം

ദില്ലി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തടയുന്നതിനും പീഡന ദൃശ്യങ്ങള്‍ തടയുന്നതിനും നടപടി എടുക്കാതിരുന്ന ഫെയ്‌സ്ബുക്ക് ഇന്ത്യ, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, വാട്‌സ്ആപ്പ് എന്നിവയ്ക്ക് സുപ്രിം കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി ഏപ്രില്‍ 16 ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആരും തയ്യാറായില്ല. തുടര്‍ന്നാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്. ജൂണ്‍ 15 ന് ഒരു ലക്ഷം രൂപ സഹിതം സത്യവാങ്മൂലം സമര്‍പ്പിക്കണം എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പര്‍ജ്‌വാല എന്ന സന്നദ്ധസംഘട നല്‍കിയ പരാതിയിന്മേലാണ് കോടതി സ്വമേധയാ കേസെടുക്കുകയും അപര്‍ണാ ഭട്ടിനെ അമിക്കസ്‌ക്യൂറിയായി നിയമിക്കുകയും ചെയ്തത്.

കത്വ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ട ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും ദില്ലി ഹൈക്കോടതിയും നോട്ടീസ് അയച്ചിരുന്നു. ജമ്മുകശ്മീരിലെ കത്വയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേരു വിവരങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിനാണ് സമൂഹമാധ്യമങ്ങള്‍ക്കെതിരെ കോടതി നോട്ടീസയച്ചത്.

DONT MISS
Top