കോണ്‍ഗ്രസ്-ജെഡിഎസ് ചര്‍ച്ച ഇന്ന്, സഖ്യത്തിന്റെ മുന്നോട്ട് പോക്ക് മുഖ്യവിഷയം


ബംഗളുരു: കര്‍ണാടകയില്‍ അപ്രതീക്ഷിതമായി ഉടലെടുത്ത കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ മെയ് 23 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി സര്‍ക്കാരില്‍ കോണ്‍ഗ്രസും പങ്കാളികളാകും. പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയെങ്കിലും സര്‍ക്കാരില്‍ പങ്കാളിയാകാന്‍ ജെഡിഎസ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 20 ഉം ജെഡിഎസിന് 13 ഉം സ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച ധാരണ ഇരുപാര്‍ട്ടികള്‍ക്കും ഇടയില്‍ ഉണ്ടായതായാണ് വിവരം. രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചേക്കും. വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഇതും ചര്‍ച്ചയിലൂടെ തീരുമാനിക്കും. ധനവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നാണ് സൂചന. അതേസമയം, ആഭ്യന്തരവകുപ്പ് കോണ്‍ഗ്രസിന് ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ ഞായറഴ്ച ചര്‍ച്ച നടത്തും. സഖ്യത്തിന്റെ മുന്നോട്ട് പോക്ക് എങ്ങനെ എന്നത് സംബന്ധിച്ചാണ് മുഖ്യമായും ചര്‍ച്ച നടക്കുക. രണ്ട് പാര്‍ട്ടികളിലെയും മുഴുവന്‍ എംഎല്‍എമാരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് സൂചന.

നേരത്തെ മെയ് 21 ന് എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനായിരുന്നു തീരുമാനം. എന്നാല്‍ അന്ന് രാജീവ് ഗാന്ധിയുടെ ചരമദിനം ആയതിനാല്‍ കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന മാനിച്ച് 23 ലേക്ക് മാറ്റുകയായിരുന്നു. മെയ് 21 ന് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാല്‍ അന്ന് സത്യപ്രതിജ്ഞ നടത്തുന്നത് ഉചിതമല്ലെന്നും അതിനാലാണ് മാറ്റിവെച്ചതെന്നും കുമാരസ്വാമി വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജെഡിഎസിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് അപ്രതീക്ഷിത സഖ്യത്തിന് തുടക്കമിടുകയായിരുന്നു. കോണ്‍ഗ്രസ് നീക്കത്തില്‍ അങ്കലാപ്പിലായ ബിജെപി ഭരണത്തിലേറാന്‍ കളികള്‍ പലത് കളിച്ചെങ്കിലും വിജയിക്കാനായില്ല.

മെയ് 19 നാണ് 55 മണിക്കൂര്‍ മാത്രം ആയുസ് ഉണ്ടായിരുന്ന യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവച്ചത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുന്‍പ് യെദ്യൂരപ്പ രാജിവയക്കുകയായിരുന്നു.

DONT MISS
Top