കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാളയത്തില്‍ ആരും ചോര്‍ന്നില്ല; മറുകണ്ടം ചാടിയെന്ന് കരുതിയ രണ്ട് എംഎല്‍എമാരും സഭയിലെത്തി

നിയമസഭയിലെത്തിയ ആനന്ദ് സിംഗ് കോണ്‍ഗ്രസ് നേതാവ് ശിവകുമാറിനൊപ്പം

ബാംഗളുരു: കര്‍ണാടകയില്‍ ബിജെപിയുടെ ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നതിന് തൊട്ടുമുന്‍പായി കോണ്‍ഗ്രസ് പാളയത്തിന് ഏറെ ആവേശം പകരുന്ന ഒരു വാര്‍ത്തകൂടിയെത്തിയിരുന്നു.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പാളയത്തിലേക്ക് പോയെന്ന് ഇന്നലെ കോണ്‍ഗ്രസ് നേതൃത്വം തന്നെ സ്ഥിരീകരിച്ച ആനന്ദ് സിംഗ് പാര്‍ട്ടി പക്ഷത്ത് തിരിച്ചെത്തി. രാവിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം ആനന്ദ് സിംഗും മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ പ്രതാപ് ഗൗഡ പാട്ടീലും സഭയിലെത്തിയിരുന്നു. ഇരുവരും കൂറുമാറിയതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഉച്ചയോടെ പ്രതാപ് ഗൗഡ പാട്ടീല്‍ സഭയിലെത്തി കോണ്‍ഗ്രസ് പാര്‍ലമെന്ററി നേതാവും നിയുക്ത ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറില്‍ നിന്നും വിപ്പ് കൈപ്പറ്റി. ഇതോടെ ആനന്ദ് സിംഗിന്റെ കാര്യത്തില്‍ മാത്രമായിരുന്നു അനിശ്ചിതത്വം തുടര്‍ന്നത്.

എന്നാല്‍ മൂന്നരയോടെ ആനന്ദ് സിംഗ് കര്‍ണാടക നിയമസഭാ മന്ദിരമായ വിധാന്‍ സൗധയില്‍ എത്തി. ഡികെ ശിവകുമാര്‍ മന്ദിരത്തിന് പുറത്തുപോയി ആനന്ദ സിംഗിനെ സഭയിലേക്ക് കൂട്ടിക്കൊണ്ടുവന്നതോടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഏറെ ആവേശഭരിതരായി. നിയമസഭാ സന്ദര്‍ശക ഗ്യാലറിയിലുണ്ടായിരുന്ന അശോക് ഗെഹ്‌ലോട്ട് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ഏറെ സന്തോഷവാന്‍മാരായി കാണപ്പെട്ടു.

നേരത്തെ ബിജെപിയിലായിരുന്ന ആനന്ദ് സിംഗ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് കോണ്‍ഗ്രസിലെത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയനഗറില്‍ നിന്ന് വിജയിക്കുകയും ചെയ്തു. ബെല്ലാരി മേഖലയിലെ നേതാവായ സിംഗ് ഇവിടുത്തെ ഖനി രാജാക്കന്മാരും ബിജെപി നേതാക്കളുമായ റെഡ്ഡി സഹോദരന്‍മാരുടെ അടുത്തയാളുമാണ്. ഈ മേഖലയില്‍ സ്വാധീനമുറപ്പിക്കാനായിരുന്നു ആനന്ദ് സിംഗിനെ കോണ്‍ഗ്രസ് സ്വന്തം ചേരിയിലെത്തിച്ചത്.

ആനന്ദ് സിംഗും പ്രതാപ് ഗൗഡ പാട്ടീലും സ്വന്തം പാളയത്തില്‍ തന്നെ ഉറച്ചുനിന്നതോടെ കൂടെയുണ്ടായിരുന്ന ആരെയും മറുകണ്ടം ചാടാതെ സൂക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ക്രെഡിറ്റും ഡികെ ശിവകുമാറിന് സ്വന്തമായി. കഴിഞ്ഞവര്‍ഷം ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്തും കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എമാറെ കൂറുമാറാന്‍ അനുവദിക്കാതെ കര്‍ണാടകയില്‍ കൊണ്ടുവന്ന് സംരക്ഷിച്ചതും ഡികെ ശിവകുമാറായിരുന്നു. ഇതുകൊണ്ടുതന്നെയാണ് കര്‍ണാടക കോണ്‍ഗ്രസിലെ ചാണക്യനായ ശിവകുമാറിനെ തന്നെ ഇത്തണയും എംഎല്‍എമാരെ സംരക്ഷിക്കുന്ന ചുമതല പാര്‍ട്ടി നേതൃത്വം ഏല്‍പ്പിച്ചത്. തന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഏറ്റവും കൃത്യതയോടെ നടപ്പാക്കുകയും ചെയ്തു ശിവകുമാര്‍.

DONT MISS
Top