യെദ്യൂരപ്പ വിശ്വാസവോട്ടെടുപ്പിന് മുന്‍പ് രാജിവച്ചേക്കുമെന്ന് സൂചന

ബംഗളുരു: കര്‍ണാടകയില്‍ അധികാരം നിശ്ചിയിക്കുന്ന നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി സൂചന. വിശ്വാസവോട്ടെടുപ്പിന് മുന്‍പ് യെദ്യൂരപ്പ രാജിവച്ചേക്കുമെന്നാണ് സൂചന. രാജിപ്രഖ്യാപനത്തിന് ശേഷം നടത്താനുള്ള പ്രസംഗം യെദ്യൂരപ്പ തയ്യാറാക്കുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, രാജിവാര്‍ത്ത ബിജെപി ദേശീയ നേതാക്കള്‍ തള്ളിക്കളഞ്ഞു.

വിശ്വാസവോട്ടെടുപ്പില്‍ തോറ്റേക്കുമോയെന്ന ആശങ്കയെത്തുടര്‍ന്നാണ് യെദ്യൂരപ്പ രാജിക്ക് ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുമെന്നാണ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വിശ്വാസവോട്ടെടുപ്പിലേക്ക് അടുക്കുന്തോറും ആ ആത്മവിശ്വാസം നഷ്ടപ്പെടുന്നതായാണ് വിവരം. തങ്ങള്‍ പ്രതീക്ഷിച്ചതുപോലെ പ്രതിപക്ഷ എംഎല്‍എമാരെ വലവീശിപ്പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.

നിലവില്‍ 104 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാന്‍ 111 എംഎല്‍എമാരുടെ പിന്തുണ വേണം. രണ്ട് സ്വതന്ത്രര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. എന്നാല്‍ ഭൂരിപക്ഷത്തിന് പിന്നെയും അഞ്ച് അംഗങ്ങള്‍ കൂടി വേണം. അത്രയും അംഗങ്ങളെ കൂടെക്കൂട്ടുക എന്ന ലക്ഷ്യം വിജയത്തിലേക്ക് എത്തിക്കാന്‍ ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസിലെ രണ്ടും ജെഡിഎസിലെ ഒന്നും അംഗങ്ങള്‍ ബിജെപിക്ക് പിന്തുണ നല്‍കാനാണ് സാധ്യത. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇതുവരെയും സഭയില്‍ എത്തിയിട്ടില്ല. തങ്ങളുടെ മൂന്ന് അംഗങ്ങളം കാണാനില്ലെന്ന് അല്‍പം മുന്‍പ് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇവരുടെ പിന്തുണ ഉണ്ടായാലും വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാനാകില്ലെന്ന് ബിജെപി നേതൃത്വം ഉറപ്പിച്ചതായാണ് വിവരം.

DONT MISS
Top