കര്‍ണാടക നിയമസഭയില്‍ നടപടികള്‍ ആരംഭിച്ചു, എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു; സഭ നിയന്ത്രിക്കുന്നത് പ്രോട്ടെം സ്പീക്കര്‍ കെജി ബൊപ്പയ്യ

യെദ്യൂരപ്പയും സിദ്ധരാമയ്യും സത്യപ്രതിജ്ഞ ചെയ്യുന്നു

ബംഗളുരു: അനിശ്ചിതത്വങ്ങളും സങ്കീര്‍ണതകളും നിലനില്‍ക്കെ കര്‍ണാടക നിയമസഭയില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. പ്രോട്ടെം സ്പീക്കര്‍ കെജി ബൊപ്പയ്യയാണ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. പ്രോട്ടെം സ്പീക്കര്‍ നിയമനത്തിനെതിരെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ വാദം നടക്കവെയായിരുന്നു ബൊപ്പയ്യ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

221 അംഗങ്ങളാണ് ഇന്ന സത്യപ്രതിജ്ഞ ചെയ്യുക. 222 മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നെങ്കിലും എച്ച്ഡി കുമാരസ്വാമി രണ്ട് മണ്ഡലങ്ങളില്‍ ജയിച്ചിട്ടുള്ളതിനാല്‍ ഫലത്തില്‍ 221 അംഗങ്ങളാണ് നിലവിലുള്ളത്. രണ്ട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.

ഇന്ന് വൈകിട്ട് നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായിട്ടാണ് സഭാംഗങ്ങള്‍ രാവിലെ സത്യപ്രതിജ്ഞ ചെയ്തത്. സഭയില്‍ ബിജെപിക്ക് 104 ഉം കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 36 ഉം അംഗങ്ങളാണ് ഉള്ളത്. രണ്ട് സ്വതന്ത്രരും ബിഎസ്പിയുടെ ഒരംഗവും വിജയിച്ചിട്ടുണ്ട്.

നിലവില്‍ വിശ്വാസവോട്ട് തേടാന്‍ ബിജെപിക്ക് 111 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ഭൂരിപക്ഷത്തിന് ഇനിയും ഏഴ് അംഗങ്ങളുടെ കൂടി പിന്തുണ വേണം. രണ്ട് സ്വതന്ത്രര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. ബാക്കി അംഗങ്ങള്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് തങ്ങള്‍ക്കൊപ്പം എത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

DONT MISS
Top