ബൊപ്പയ്യ എക്കാലത്തും യെദ്യൂരപ്പയുടെ വിശ്വസ്തന്‍; വിശ്വാസവോട്ടെടുപ്പില്‍ യെദ്യൂരപ്പയെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിന്റെ പേരില്‍ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനമേറ്റുവാങ്ങിയ സ്പീക്കര്‍

യെദ്യൂരപ്പയും കെജി ബൊപ്പയ്യയും

ബാംഗളുരു: കര്‍ണാടക നിയമസഭയുടെ പ്രോടേം സ്പീക്കറായി നിയോഗിക്കപ്പെട്ട കെജി ബൊപ്പയ്യ എക്കാലത്തും ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തന്‍. പത്ത് വര്‍ഷം മുന്‍പ് കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയ യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയപ്പോള്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ബൊപ്പയ്യ സുപ്രിംകോടതിയുടെ നിശിതമായ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്.

2010 -ല്‍ 11 ബിജെപി എംഎല്‍എമാര്‍ യെദ്യൂരപ്പ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ന്യൂനപക്ഷമായിരുന്നു. യെദ്യൂരപ്പയുടെ പേരിലുണ്ടായ ഖനി അഴിമതിയുടെ പേരിലായിരുന്നു 11 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചത്. എന്നാല്‍ അന്ന് സ്പീക്കറായിരുന്ന ബൊപ്പയ്യ ഈ 11 എംഎല്‍എമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം ആയോഗ്യരാക്കിയിരുന്നു. 11 എംഎല്‍എമാരെ അയോഗ്യരാക്കി അതുവഴി നിയമസഭയിലെ മൊത്തം എംഎല്‍എമാരുടെ അംഗസംഖ്യ കുറച്ച് അതില്‍ നിന്ന് പകുതിയിലധികം പേരുടെ പിന്തുണ സര്‍ക്കാരിന് ഉറപ്പാക്കി സര്‍ക്കാരിനെ രക്ഷിക്കുക എന്ന തന്ത്രമാണ് സ്പീക്കറായിരുന്ന ബൊപ്പയ്യ സ്വീകരിച്ചത്. യെദ്യൂരപ്പ വിശ്വാസവോട്ടെടുപ്പില്‍ വിജയം നേടിയെങ്കിലും ഇതിനെതിരേ സുപ്രിംകോടതിയില്‍ ഹര്‍ജി വന്നു. സ്പീക്കര്‍ ബൊപ്പയ്യ നടത്തിയ ഇടപെടലിനെ സുപ്രിം കോടതി നിശിതമായാണ് വിമര്‍ശിച്ചത്. സ്പീക്കര്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ അവിഹിത ഇടപെടല്‍ നടത്തിയെന്നാണ് കോടതി പറഞ്ഞത്. യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ നേടിയ വിജയം സുപ്രിംകോടതി റദ്ദാക്കുകയും ചെയ്തിരുന്നു. പിന്നീട് യെദ്യൂരപ്പ ബിജെപി കേന്ദ്രനേതൃത്വവുമായി പിണങ്ങി പുറത്തുപോകുകയും സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച് ബിജെപിയെ വെല്ലുവിളിച്ചതുമൊക്കെ ചരിത്രം. ഒടുവില്‍ പാര്‍ട്ടിയില്‍ മടങ്ങിയെത്തി വീണ്ടും മുഖ്യമന്ത്രിയുമായി.

ഇങ്ങനെ എക്കാലവും യെദ്യൂരപ്പയുടെ വിശ്വസ്തനായിരുന്ന ബൊപ്പയ്യയെ തന്നെ ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമ്പോള്‍ പ്രോടേം സ്പീക്കറാക്കിയത് ഏത് കളിക്കും തയാറുള്ളയാളാണ് ബൊപ്പയ്യയെന്ന് ഉറച്ചബോധ്യമുള്ളതിനാലെന്ന് വ്യക്തം.

നാളെ നിയമസഭയില്‍ കര്‍ണാടകയിലെ ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഉത്തരവിട്ട സുപ്രിംകോടതി പ്രോടേം സ്പീക്കറായി ഏറ്റവും മുതിര്‍ന്ന നിയസഭാംഗത്തെ തന്നെ നിയമിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. വിശ്വാസവോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെയാകരുതെന്നും പരസ്യവോട്ടെടുപ്പ് തന്നെ നടത്തണമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ രണ്ട് നിര്‍ദേശങ്ങളും പിന്നീട് ഇറങ്ങിയ സുപ്രിംകോടതി ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കര്‍ണാടക ഗവര്‍ണര്‍ കെജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറാക്കിയത്.

62 വയസുകാരനായ ബൊപ്പയ്യ അഞ്ചുതവണ എംഎല്‍എയായിട്ടുള്ളയാളാണ്. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എയായ ആര്‍വി ദേശ്പാണ്ഡെ എട്ടുതവണ നിയമസഭാംഗമായയാളാണ്. 71 വയസുകാരനുമാണ് ഇദ്ദേഹം. പ്രായത്തിലും നിയമസഭയിലെ അംഗത്വത്തിലും സീനിയോറിറ്റി ദേശ്പാണ്ഡെക്കാണെങ്കിലും നാളെത്തെ വിശ്വാസവോട്ടെുപ്പ് അതിജീവിക്കാന്‍ ഏതറ്റം വരെ പോകാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമായാണ് വിവാദനായകനായ മുന്‍ സ്പീക്കര്‍ ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയോഗിച്ചത്.

ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് സുപ്രിംകോടതിയെ ഇന്ന് വൈകുന്നേരം വീണ്ടും സമീപിച്ചത്.

DONT MISS
Top