ബൊപ്പയ്യയെ പ്രോടേം സ്പീക്കറാക്കിയതും ബിജെപി തന്ത്രം; സുപ്രിംകോടതി വിധിയെ മറികടക്കാനുള്ള കുതന്ത്രം

ബൊപ്പയ്യ പ്രോടേം സ്പീക്കറായി ചുമതലയേല്‍ക്കുന്നു

ദില്ലി: കര്‍ണാടക നിയമസഭാ സമ്മേളനത്തിന് പ്രോടേം സ്പീക്കറായി കെജി ബൊപ്പയ്യയെ നിയമിച്ചത് സുപ്രിംകോടതി വിധിയെ മറികടക്കാന്‍ ബിജെപി നേതൃത്വം ആസൂത്രണം ചെയ്ത കുതന്ത്രം. പുതുതായി ചുമതലയേല്‍ക്കുന്ന എംഎല്‍എമാരെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നതടക്കമുള്ള നടപടികള്‍ നിയന്ത്രിക്കുന്നത് പ്രോടേം സ്പീക്കറാണ്.

നാളെ നിയമസഭയില്‍ കര്‍ണാടകയിലെ ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഉത്തരവിട്ട സുപ്രിംകോടതി പ്രോടേം സ്പീക്കറായി ഏറ്റവും മുതിര്‍ന്ന നിയസഭാംഗത്തെ തന്നെ നിയമിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. വിശ്വാസവോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെയാകരുതെന്നും പരസ്യവോട്ടെടുപ്പ് തന്നെ നടത്തണമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ രണ്ട് നിര്‍ദേശങ്ങളും പിന്നീട് ഇറങ്ങിയ സുപ്രിംകോടതി ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കര്‍ണാടക ഗവര്‍ണര്‍ കെജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറാക്കിയത്.

എന്നാല്‍ സുപ്രിംകോടതിയുടെ വിധിയെ കോടതിവിധികൊണ്ട് മറികടക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് ബിജെപി ബൊപ്പയ്യയെ പ്രോടേം സ്പീക്കറാക്കിയത്. വിശ്വാസവോട്ടെടുപ്പ് നാളെത്തന്നെ നടത്തണമെന്ന് ഇന്ന് സുപ്രിംകോടതി ഉത്തരവിട്ടപ്പോള്‍ തിങ്കളാഴ്ച വരെയെങ്കിലും വിശ്വാസവോട്ടെടുപ്പിന് സമയം അനുവദിക്കണമെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്ത്ഗി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രിംകോടതി ഇത് അനുവദിക്കാതെ നാളെ വൈകുന്നേരം നാല് മണിക്കുമുന്‍പ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഉത്തരവിടുകയായിരുന്നു. വിശ്വാസവോട്ടെടുപ്പിന് പരമാവധി സമയം കിട്ടിയാല്‍ അതിനുള്ളില്‍ പരമാവധി പ്രതിപക്ഷ എംഎല്‍എമാരെ ചാക്കിലാക്കാനുള്ള നീക്കമായിരുന്നു ബിജെപിയുടെ ആവശ്യത്തിന് പിന്നില്‍. എന്നാല്‍ കോടതി ഇത് നിരാകരിച്ച് നാളെതന്നെ വിശ്വാസവോട്ടെടുപ്പ് തേടണമെന്ന് നിര്‍ദേശിച്ചതോടെ ബിജെപിയുടെ തന്ത്രം പാളി.

എന്നാല്‍ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറിക്കിക്കുകയെന്ന തന്ത്രമാണ് പ്രോടേം സ്പീക്കറായി സഭയിലെ ഏറ്റവും മുതിര്‍ന്നയംഗമല്ലാത്ത ബൊപ്പയ്യയെ നിയമിച്ചതിലൂടെ ബിജെപി ആവിഷ്‌കരിച്ചത്. ബൊപ്പയ്യയെ പ്രോടേം സ്പീക്കറാക്കിയതിനെതിരേ കോണ്‍ഗ്രസ് സ്വാഭാവികമായും സുപ്രിംകോടതിയെ സമീപിക്കും. ഹര്‍ജി പരിഗണിക്കുമ്പോള്‍ ഒരുപക്ഷെ കോടതി ഇക്കാര്യം കൂടി പരിശോധിക്കാന്‍ ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റുകയും അതുവരെ വിശ്വാസവോട്ടെടുപ്പിന് സമയം നീട്ടിയെടുക്കുകയും ചെയ്യുക എന്ന കുതന്ത്രമാണ് ബിജെപി പയറ്റുന്നത് എന്ന് സൂചനകള്‍ വന്നുകഴിഞ്ഞു.

ഇത്തവണ നിയമസഭയിലെത്തിയിരിക്കുന്നവരില്‍ കോണ്‍ഗ്രസിന്റെ ആര്‍വി ദേശ്പാണ്ഡെയാണ് ഏറ്റവും മുതിര്‍ന്നയംഗം. കീഴ്‌വഴക്കമനുസരിച്ച് മുതിര്‍ന്നയംഗമാണ് പ്രോടേം സ്പീക്കറാകുക. ഇന്ന് സുപ്രിംകോടതി നിര്‍ദേശിച്ചതും ഇതാണ്.

വിശ്വാസവോട്ടെടുപ്പിന് എങ്ങനെയും രണ്ട് ദിവസം കൂടി സമയം നീട്ടിയെടുക്കുക. അപ്പോഴേക്ക് പരമാവധി പ്രതിപക്ഷം എംഎല്‍എമാരെ സ്വാധീനിച്ച് സ്വന്തം പാളയത്തിലെത്തിക്കുക. ബിജെപിയുടെ ഈ തന്ത്രത്തിന്റെ ഭാഗമാണ് പ്രോടേം സ്പീക്കറായി 62 വയസുമാത്രമുള്ള ബൊപ്പയ്യയെ നിയോഗിച്ചതും.

DONT MISS
Top