കര്‍ണാടകയിലെ എംഎല്‍എമാര്‍ ഹൈദരാബാദില്‍ നിന്ന് ഇന്ന് രാത്രിയോടെ ബാംഗളുരുവില്‍ തിരിച്ചെത്തും

എംഎല്‍എമാരെ ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്ന ബസ്‌

ബാംഗളുരു: കര്‍ണാടക നിയമസഭയില്‍ നാളെ ഉച്ചക്ക് ശേഷം നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ഇന്ന് രാത്രിയോടെ ഹൈദരാബാദില്‍ നിന്ന് ബാംഗളുരുവില്‍ തിരിച്ചെത്തും. നാളെ ഉച്ചക്ക് വൈകുന്നേരം നാല് മണിക്ക് വിശ്വാസവോട്ടെടുപ്പ് തേടണമെന്നാണ് ബിഎസ് യെദ്യൂരപ്പയോട് സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് മുന്‍പായി നാളെ രാവിലെ പ്രോടേം സ്പീക്കറിന് മുന്നില്‍ എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.

എംഎല്‍എമാര്‍ക്ക് സുരക്ഷിതരായി വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് കര്‍ണാടക ഡിജിപിക്ക് സുപ്രിംകോടതി നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലുള്ള എംഎല്‍എമാരെ നാളെ രാവിലെ ഒന്നിച്ച് നിയമസഭയില്‍ എത്തിക്കാനാണ്  കോണ്‍ഗ്രസ്, ദള്‍ നേതൃത്വത്തിന്റെ ആലോചന.

ഇന്നലെ രാത്രി എംഎല്‍എമാരെ ഇവര്‍ താമസിച്ചിരുന്ന ബാംഗളൂരുവിലെ റിസോര്‍ട്ടില്‍ നിന്ന് കൊച്ചിയിലേക്കോ ഹൈദരാബാദിലേക്കോ മാറ്റാനായിരുന്നു കോണ്‍ഗ്രസ്, ജനതാദള്‍ നേതൃത്വത്തിന്റെ ആലോചന. വിമാനം ചാര്‍ട്ടര്‍ ചെയ്ത് എംഎല്‍എമാരെ കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാല്‍ കേന്ദ്ര സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ ചാര്‍ട്ടര്‍ വിമാനം അനുവദിക്കാന്‍ തയാറായില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വ്യോമയാന ഡയറക്ടര്‍ ജനറല്‍ ചാര്‍ട്ടേഡ് വിമാനം അനുവദിക്കാതിരുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.

ഇതേതുടര്‍ന്ന് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് ബസുകളില്‍ കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെ ആദ്യം ജെഡിഎസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തിയത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാരെയും ഹൈദരാബാദിലെ ഹോട്ടലില്‍ എത്തിച്ചു. ഹൈദരാബാദ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് എംഎല്‍എമാര്‍ തങ്ങുന്നത്.

ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബിഎസ് യെദ്യൂരപ്പ എംഎല്‍എമാരെ താമസിപ്പിച്ചിരുന്ന ബാംഗളുരു നഗരപ്രാന്തത്തിലുള്ള രാമനഗര ബിഡാദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിനുള്ള പൊലീസ് കാവല്‍ പിന്‍വലിച്ചിരുന്നു. ഇവിടെയുള്ള പൊലീസുകാര്‍ ഉടന്‍ മാറാനായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരവ്. ഈഗിള്‍ടണ്‍ റിസോര്‍ട്ടിലാണ് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ താമസിപ്പിച്ചിരുന്നത്. എംഎല്‍എമാരെത്തിയിതിന് പിന്നാലെ ഇവിടെ പൊലീസിന്റെ ശക്തമായ കാവല്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് പുതിയ മുഖ്യമന്ത്രി യെദ്യൂരപ്പ പിന്‍വലിച്ചത്.

എംഎല്‍എമാരെ പക്ഷം മാറ്റാനുള്ള ശ്രമം പൊലീസ് കാവലില്‍ ബുദ്ധിമുട്ടാകുമെന്നതിനാലാണ് യെദ്യൂരപ്പ ഇവിടെ നിന്ന് പൊലീസിനെ മാറ്റിയത്. ഒരുപക്ഷെ ബലംപ്രയോഗിച്ച് റിസോര്‍ട്ടില്‍ കടന്ന് എംഎല്‍എമാരെ ചാക്കിടാനുള്ള ശ്രമങ്ങള്‍ വരെയുണ്ടാകുമെന്ന അപകടം മണത്ത കോണ്‍ഗ്രസ്, ദള്‍ നേതൃത്വങ്ങള്‍ ഉടന്‍ തന്നെ എംഎല്‍എമാരെ ബാംഗളുരുവില്‍ നിന്ന് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ചാര്‍ട്ടേഡ് വിമാനത്തിനായി ശ്രമിച്ചതും ഇത് നടക്കാതിരുന്നതിനെ തുടര്‍ന്ന് ബസില്‍ ഹൈദരാബാദിലേക്ക് കൊണ്ടുപോയതും. കോണ്‍ഗ്രസ്, ദള്‍ എംഎല്‍എമാര്‍ക്ക് സുരക്ഷയൊരുക്കാമെന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും ആന്ധ്രാപ്രേദശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഇരുപാര്‍ട്ടി നേതൃത്വങ്ങളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെലുങ്കാനയില്‍പ്പെടുന്ന ഹൈദരാബാദിലേക്ക് എംഎല്‍എമാരെ നീക്കാന്‍ തീരുമാനിിച്ചത്.

ഹൈദരാബാദില്‍ നിന്ന് ബസില്‍ പത്ത് മണിക്കൂര്‍ യാത്രാദൂരമാണ് ബാംഗളുരുവിലേക്കുള്ളത്. വിശ്വാസവോട്ടെടുപ്പില്‍ എംഎല്‍എമാരെ സുരക്ഷിതമായി എത്തിക്കാന്‍ സുപ്രിംകോടതി കര്‍ശന നിര്‍ദേശം കര്‍ണാടക ഡിജിപിക്ക് നല്‍കിയിരിക്കുന്നതിനാല്‍ കര്‍ണാടക സര്‍ക്കാരിന് തന്നെ പ്രതിപക്ഷ എംഎല്‍എമാരെ വിശ്വാസവോട്ടെടുപ്പിന് എത്തിക്കേണ്ട ഉത്തരവാദിത്വവുമുണ്ടായിരിക്കുകയാണ്.

DONT MISS
Top