മന്ത്രിസഭാ വാര്‍ഷികം; അവലോകന യോഗം ചേര്‍ന്നു

കാസര്‍ഗോഡ് : സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ അവസാനവട്ട ഒരുക്കങ്ങള്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. മേയ് 19 മുതല്‍ 25 വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെയും കാസര്‍കോട് പെരുമ പ്രദര്‍ശന വിപണന മേളയുടെയും വിജയത്തിനായി എല്ലാ വകുപ്പുമേധാവികളും അതത് വകുപ്പിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. നൂറോളം സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റാളുകള്‍ ഉപയോഗിക്കുന്ന വകുപ്പുകള്‍ അവ എത്രയും ഭംഗിയോടെയും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലും സജ്ജീകരിക്കേണ്ടതാണെന്ന് കളക്ടര്‍ പറഞ്ഞു.
രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന വേദിയില്‍ ലൈഫ് മിഷനില്‍ പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ ദാനം, സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ വിതരണം, ഭിന്നലിംഗക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, ഐടി മിഷന്റെ നേതൃത്വത്തില്‍ ഫ്രീ വൈഫൈ സേവനം 53 കേന്ദ്രങ്ങളില്‍ നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം, ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തീരമൈത്രി ഗ്രൂപ്പുകള്‍ക്കുള്ള ആനുകൂല്യ വിതരണം, കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എന്നിവ നടക്കുന്നതാണ്. യോഗത്തില്‍ എഡിഎം എന്‍.ദേവീദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

DONT MISS
Top