എത്രയും വേഗം യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കേണ്ടി വരുമെന്ന് സുപ്രിം കോടതി

ബിഎസ് യെദ്യൂരപ്പ

ദില്ലി: കര്‍ണാടയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പ എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കേണ്ടി വരുമെന്ന് സുപ്രിം കോടതി. ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നാളെ ഭൂരിപക്ഷം തെളിയിക്കാനാകുമോയെന്ന് കോടതി വാദത്തിനിടെ ചോദിച്ചു.

എപ്പോള്‍ വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ സന്നദ്ധമാണെന്നായിരുന്നു യെദ്യൂരപ്പയ്ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്ത്ഗി വ്യക്തമാക്കിയത്. ഇതോടെ കര്‍ണാടക നിയമസഭയില്‍ നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ജസ്റ്റിസുമാരായ എകെ സിക്രി, എസ്എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് മൂന്നംഗബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് എകെ സിക്രി വ്യക്തമാക്കി. നേരത്തെ ഗവര്‍ണര്‍ വാജുഭായ് വാല 15 ദിവസത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയ്ക്ക് നല്‍കിയത്.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഭൂരിപക്ഷം അവകാശപ്പെട്ട് കത്ത് നല്‍കിയ ശേഷം എന്തിനാണ് ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചതെന്ന് ജസ്റ്റിസ് എകെ സിക്രി ചോദിച്ചു. അത് ഗവര്‍ണറുടെ വിവേചനാധികാരം ആണെന്നായിരുന്നു റോത്ത്ഗിയുടെ മറുപടി.

ഭൂരിപക്ഷം അവകാശപ്പെട്ട് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ട് കത്തുകളും കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് ഹാജരാക്കി. 15, 16 തീയതികളില്‍ ഹാജരാക്കിയ കത്തിലെ ഉള്ളടക്കം റോത്ത്ഗി കോടതിയില്‍ വായിച്ചു. യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ പിന്തുണ ഉണ്ടെന്ന റോത്ത്ഗി ചൂണ്ടിക്കാട്ടി.

DONT MISS
Top