കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി യെദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടികള്‍ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും

സുപ്രിംകോടതി

ദില്ലി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ബിഎസ് യെദ്യൂരപ്പയെ ക്ഷണിച്ച് ഗവര്‍ണറുടെ നടപടികള്‍ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഭൂരിപക്ഷം അവകാശപ്പെട്ട് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ട് കത്തുകളും ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യുന്നതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നല്‍കിയ പുതിയ ഹര്‍ജിയും കോടതിയുടെ പരിഗണനയ്ക്ക് വരും.

ബിഎസ് യെദ്യൂരപ്പ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി തുടരുമോ എന്നത് കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും മാത്രമല്ല ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കുകയാണ് ഇന്നത്തെ സുപ്രീം കോടതി നടപടികള്‍. ഇന്നലെ പുലര്‍ച്ചവരെ നീണ്ട വാദത്തിനുശേഷം കോടതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ. എന്നാല്‍ ഭൂരിപക്ഷം അവകാശപ്പെട്ട് യെദ്യൂരപ്പ 15ആം തീയതിയും 16ആം തീയതിയും ഗവര്‍ണര്‍ക്ക് കൈമാറിയ കത്തുകള്‍ ഹാജരാക്കാനാണ് കോടതി നിര്‍ദേശം. ഭൂരിപക്ഷം ഉണ്ടെന്ന് ബോധ്യപ്പെട്ടാണോ ഗവര്‍ണര്‍ തീരുമാനം എടുത്തതെന്നാണ് കോടതി പരിശോധിക്കുക. പിന്തുണയെപ്പറ്റി കൃത്യമായി കത്തില്‍ പരാമര്‍ശം ഇല്ലെങ്കില്‍ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നു കോണ്‍ഗ്രസ് കോടതിയോട് ആവശ്യപ്പെടും. എന്നാല്‍ സത്യപ്രതിജ്ഞ കഴിഞ്ഞതിനാല്‍ ഗവര്‍ണ്ണറുടെ തീരുമാനം മാനിച്ച് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നാകും ബിജെപിയുടെ വാദം.

ഭൂരിപക്ഷം തെളിയിക്കാന്‍ ഉള്ള സമയപരിധി വെട്ടിക്കുറയ്ക്കാനാണ് സാധ്യത. വേനലവധിക്ക് മുന്‍പുള്ള അവസാന പ്രവര്‍ത്തിദിവസമായത് കൊണ്ട് ഇന്നുതന്നെ കേസില്‍ കോടതി തീര്‍പ്പ് കല്പിക്കുമെന്നാണ് ഹര്‍ജിക്കാരുടെ പ്രതീക്ഷ. ആംഗ്ലോ ഇന്ത്യന്‍ അംഗത്തെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനെ ചോദ്യം ചെയ്തു കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം നല്‍കിയ പുതിയ ഹര്‍ജിയും കേസില്‍ കക്ഷി ചേരാനുള്ള മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത് മലാനിയുടെ അപേക്ഷയും കോടതിയുടെ പരിഗണനയ്ക്ക് എത്തും.

DONT MISS
Top