യെദ്യൂരപ്പ സര്‍ക്കാര്‍ കര്‍ണാടകയിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ സഫലമാക്കും: അമിത് ഷാ

അമിത് ഷാ

ദില്ലി: കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റ യെദ്യൂരപ്പയ്ക്ക് ആശംസകള്‍ നേര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നരേന്ദ്ര മോദിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്ന യെദ്യൂരപ്പ സര്‍ക്കാര്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ സഫലമാക്കും എന്നും അമിത് ഷാ പറഞ്ഞു. ബിജെപിക്ക് വേണ്ടി വോട്ട് ചെയ്ത കന്നടക്കാരുടെയും വിജയമാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അഴിമതിയെ പിഴുതെറിയാനാണ് ജനങ്ങള്‍ വോട്ട് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിനം തന്നെ ജനപ്രിയ തീരുമാനവുമായാണ് ബിഎസ് യെദ്യൂരപ്പ കൈക്കൊണ്ടിരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഒരു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനം യെദ്യൂരപ്പ സര്‍ക്കാര്‍ കൈക്കൊണ്ടു.

രണ്ട് ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതങ്ങള്‍ക്കൊടുവിലാണ് ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റത്. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 104 എംഎല്‍എമാരുടെയും ഒരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണയാണ് ബിജെപിയ്ക്കുള്ളത്. 222 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിയ്ക്ക് വേണ്ടത്.

DONT MISS
Top