ജസ്റ്റിസ് കര്‍ണന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കി അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ജസ്റ്റിസ് കര്‍ണന്‍

കൊല്‍ക്കത്ത: കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ മോചിതനായ ജസ്റ്റിസ് കര്‍ണന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ആന്റി കറപ്ഷന്‍ ഡൈനമിക് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ രജ്‌സ്‌ട്രേഷനുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് ജസ്റ്റിസ് കര്‍ണന്‍ അറിയിച്ചു.

സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലടക്കം മത്സരിക്കും. പല തരത്തിലും സ്ത്രീകള്‍ വിവേചനം നേരിടുന്നതിനാലാണ് സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കര്‍ണന്‍ പറഞ്ഞു.

പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ വര്‍ഷം തോറും പ്രധാനമന്ത്രിമാരെ മാറ്റാനാണ് കര്‍ണന്റെ തീരുമാനം. 2019-20 മുസ്‌ലിം വനിതയും 2021-22 ല്‍ ഉന്നതജാതിയില്‍പെട്ട വനിതയെയും അടുത്ത വര്‍ഷം പിന്നോക്ക ജാതിയില്‍പെട്ട സ്ത്രീയെയും പ്രധാനമന്ത്രി സ്ഥാനത്ത് എത്തിക്കുമെന്ന് ജസ്റ്റിസ് കര്‍ണന്‍ പറഞ്ഞു.

സുപ്രിം കോടതിയിലെയും മദ്രാസ് ഹൈക്കോടതിയിലെയയും ജഡ്ജിമാരുടെ അഴിമതിയെക്കുറിച്ച് വിവാദപരമായ വെളിപ്പെടുത്തല്‍ നടത്തിയതിനാണ് കര്‍ണന്‍ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ടത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പക്ഷവാദവും നീതിനിഷേധവും കൊണ്ടാടുന്ന കളങ്കപ്പെട്ട വ്യവസ്ഥയ്‌ക്കെതിരെയാണ് തന്റെ യുദ്ധമെന്ന് കര്‍ണന്‍ വെളിപ്പെടുത്തിയിരുന്നു.

DONT MISS
Top