പൊതു വിദ്യാലയ സംരക്ഷണത്തിന് കൈകോര്‍ത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

കാസര്‍ഗോഡ് : ഗൃഹാതുരമായ ഓര്‍മ്മകളുമായി ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ 93- 94 ഓര്‍മ്മ ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അണിനിരന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ കൈ കോര്‍ക്കുന്നതിന് കൂടിയായിരുന്നു.

സ്‌ക്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന ഓര്‍മ്മ 93 – 94 ബാച്ച് കുടുംബ സംഗമം പി.കരുണാകരന്‍ എം..പി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഹരീഷ് പി.കെ അദ്ധ്യക്ഷനായിരുന്നു.

വിദ്യാലയത്തില്‍ നിലവില്‍ പഠിക്കുന്ന 1200 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മഷിപേനയും, മഷി കുപ്പി പദ്ധതി, യു.പി ക്ലാസ്സുകളിലേയ്ക്കുള്ള ക്ലാസ്സ് ലൈബ്രറി സൗകര്യവും 93.94 ബാച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

മഷിപേന പദ്ധതി സ്‌ക്കൂള്‍ പ്രധാന അധ്യാപകന്‍ ഹമീദ് മാഷിനും, ലൈബ്രറിക്കാവശ്യമായ അലമാരകള്‍ പി.ടി.എ പ്രസിഡന്റ് കെ.ജയനും എം.പിയില്‍ നിന്നും ഏറ്റുവാങ്ങി.

ഹരിത കേരളം പദ്ധതിയുടെ ചുവട് പിടിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു പരിപാടിയുടെ സംഘാടനം. ഇത്തരം ഇടപെടലുകള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും കുടുംബത്തിനും മാത്യകയാണ് എന്ന് എം പി പറഞ്ഞു. സിനിമാ സീരിയല്‍ നടന്‍ ഉണ്ണിരാജ് മുഖ്യാതിഥി ആയിരുന്നു.

അധ്യാപകരെ ആദരിക്കല്‍ ചടങ്ങും 93 94 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ത്ഥികളുടെയും കുടുംബാംഗങ്ങളുടെയും നേത്യത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി. പൊതു ജനാരോഗ്യ നിയമത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ഡോ:പി.എം ആരതി, വര്‍ഷംതോറും നടത്തിവരാറുള്ള തുളുനാട് മാസികയുടെ അഖില കേരള വ്യക്തികത അവാര്‍ഡിനര്‍ഹനായ സുരേഷ് കൃഷ്ണ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ജനറല്‍ കണ്‍വീനര്‍ ഉണ്ണി പാലത്തിങ്കാല്‍ സ്വാഗതവും,സുരേഷ് കൃഷ്ണ നന്ദിയും പറഞ്ഞു.

DONT MISS
Top