വാജുഭായ് വാലയുടെ നീക്കം ഒരു മധുരപ്രതികാരം, നീണ്ട 22 വര്‍ഷങ്ങള്‍ക്ക് മുന്‍പേറ്റ മുറിവിനുള്ള തിരിച്ചടി

ബംഗളുരു: തനിച്ച് ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബിഎസ് യെദ്യുരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപിയെയാണ് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചത്. 117 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് കാട്ടി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നല്‍കിയ കത്ത് പരിഗണിക്കാതെയായിരുന്നു മുന്‍ ബിജെപി നേതാവും ഗുജറാത്ത് മന്ത്രിയും ഒക്കെയായിരുന്ന ഗവര്‍ണറുടെ തീരുമാനം. ഈ തീരുമാനമാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

വാജുഭായ് വാലയുടെ തീരുമാനം ഒരു മധുരപ്രതികാരമാണെന്ന് വിലയിരുത്തിയാല്‍ തെറ്റില്ല. നീണ്ട 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കേറ്റ തിരിച്ചടിക്കുള്ള ഒരു പ്രതികാരം. ആ പഴയ പകയുടെ ഫലം തന്റെ മകന്‍ കുമാരസ്വാമി നേരിടേണ്ടി വരുമെന്ന് എച്ച്ഡി ദേവഗൗഡ ഭയന്നിരുന്നു. അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു.

1996 ല്‍ എച്ച്ഡി ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സംഭവം. അന്ന് ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ വാജുഭായ് വാല. ബിജെപിയുടെ സുരേഷ് മെഹ്ത മുഖ്യമന്ത്രിയായി. എന്നാല്‍ കോണ്‍ഗ്രസിന്റെ ഇടപെടലിനെ തുടര്‍ന്ന് ബിജെപി നേതാവായിരുന്ന ശങ്കര്‍സിംഗ് വഗേല വിമതസ്വരം ഉയര്‍ത്തി രംഗത്തെത്തി. 40 എംഎല്‍എമാരുടെ പിന്തുണ ഉയര്‍ത്തിക്കാട്ടിയായിരുന്നു വഗേല രംഗത്തെത്തിയത്.

182 അംഗനിയമസഭയില്‍ 121 എംഎല്‍എമാരായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ വഗേലയുടെ പിന്‍മാറ്റത്തോടെ ബിജെപി ന്യൂനപക്ഷമായി. ഇതോടെ സുരേഷ് മെഹ്തയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗുജറാത്ത് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സഭാന്തരീക്ഷം കലുഷിതമായതോടെ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിടാന്‍ പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡ തന്നെ മുന്നിട്ടിറങ്ങി. സുരേഷ് മെഹ്തയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഉത്തരവിറക്കി. ഇതോടെ ബിജെപിക്കും മെഹ്തയ്ക്കും ഭരണം നഷ്ടമായി.

പാര്‍ട്ടി അധ്യക്ഷനായിരിക്കെ തനിക്ക് നേരിടേണ്ടി വന്ന ആ നാണക്കേടിനുള്ള ഒരു തിരിച്ചടിയായിരിക്കാം വാജുഭായ് വാല ഇന്ന് കുമാരസ്വാമിക്കും കോണ്‍ഗ്രസിനും നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തനാണ് വാജുഭായ് വാല. 2002 ല്‍ മോദിക്ക് മത്സരിക്കാനായി തന്റെ സ്ഥിരം മണ്ഡലമായ രാജ്‌കോട്ട് വെസ്റ്റ് ഒഴിഞ്ഞ് കൊടുത്ത് തന്റെ വിധേയത്വം പ്രകടമാക്കി. തുടര്‍ന്ന് വിവിധമന്ത്രിസഭകളില്‍ ധനമന്ത്രപദി അലങ്കരിച്ചു.

DONT MISS
Top