കോണ്‍ഗ്രസിന് തിരിച്ചടി; യെദ്യൂരപ്പയുടെ സത്യ പ്രതിജ്ഞയ്ക്ക് സ്റ്റേ ഇല്ല

ദില്ലി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ നിന്ന് തിരിച്ചടി. സത്യ പ്രതിജ്ഞയ്ക്ക് സ്റ്റേ ഇല്ലെന്നും ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസ്സമില്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

രണ്ട് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് മൂന്നംഗ സുപ്രിം കോടതി ബെഞ്ചിന്റെ തീരുമാനം. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഹര്‍ജി നാളെ രാവിലെ 10;30ന് വീണ്ടും പരിഗണിക്കും.

സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പുലര്‍ച്ചെ 2;30 ന് തുടങ്ങിയ വാദം കേള്‍ക്കല്‍ നാലേകാലോടെയാണ് അവസാനിച്ചത്. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അസാധാരണ നടപടികള്‍ക്ക് ശേഷമാണ് കോടതിയുടെ ഉത്തരവ്.

ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതിനേത്തുടര്‍ന്നാണ് കോണ്‍ഗ്രസും ജെഡിഎസും സുപ്രിം കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്നാണ് രാത്രിയില്‍ത്തന്നെ കോടതി കൂടി വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. ജസ്റ്റിസുമാരായ എകെ സിക്രി, എസ്എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് രണ്ടാം നമ്പര്‍ കോടതിയിലാണ് വാദം കേട്ടത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് കേസ് കേള്‍ക്കണം എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. എച്ച്ഡി ദേവഗൗഡയും കോണ്‍ഗ്രസ് നേതാവ് പരമേശ്വരയുമാണ് കോടതിയെ സമീപിച്ചത്.

മനു അഭിഷേക് സിംങ്‌വിയാണ് കോണ്‍ഗ്രസിനുവേണ്ടി ഹാജരായത്. 104 നേക്കാള്‍ എന്തുകൊണ്ടും വലുതാണ് 117. ബിജെപിക്കുള്ളതിനേക്കാള്‍ കൂടുതല്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസ് സഖ്യത്തിനുണ്ട്. ഗവര്‍ണര്‍ക്ക് തോന്നുന്നവരെയല്ല സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടത്. നേരത്തെ ചില സംസ്ഥാനങ്ങളില്‍ സംഭവിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു സിംങ്‌വി കോടതിയില്‍ വാദിച്ചത്. എന്തിനാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 15 ദിവസം നല്‍കിയത്, അതിന്റെ ലോജിക് എന്താണ് എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ബിജെപിക്ക് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗിയും സിങ്‌വിയുടെ വാദങ്ങളെ എതിര്‍ത്തു. ഗവര്‍ണറുടെ തീരുമാനത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്നും അത് ഗവര്‍ണറുടെ വിവേചനാധികാരമാണെന്നും റോത്ത്ഗി വ്യക്തമാക്കുകയായിരുന്നു.

നേരത്തെ, ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എംഎല്‍എമാരുടെ എണ്ണം നോക്കി പാര്‍ട്ടികളുടെ സഖ്യത്തെയാണ് ഗവര്‍ണര്‍മാര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇങ്ങനെയാണ് ബിജെപി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ രീതി കടുത്ത ബിജെപിക്കാരനായ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല മാനദണ്ഡമാക്കിയില്ല. പകരം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും സഭയില്‍ പിന്നീട് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കുകയുമായിരുന്നു.

DONT MISS
Top