നെയ്മറോട് റയലിലേക്ക് പോകരുത് എന്നാവശ്യപ്പെടുമോ? ഉത്തരം പറയാതെപറഞ്ഞ് മെസ്സി

നെയ്മര്‍ പിഎസ്ജി വിട്ടേക്കും എന്നതാണ് ഫുട്‌ബോള്‍ ലോകത്തെ ചൂടുള്ള വാര്‍ത്ത. എന്നാല്‍ ബാഴ്‌സയിലേക്ക് തിരിച്ചുവരവുണ്ടാകില്ല എന്നുതന്നെയാണ് സൂചന. എതിരാളികളായ റയല്‍ മാഡ്രിഡിലേക്ക് പോകാനാണ് സാധ്യതകളേറെയും എന്നാല്‍ അത് മുന്‍ സഹകളിക്കാര്‍ക്ക് അത്രനല്ല അനുഭവമാകില്ല പകരുന്നത്.

നെയ്മര്‍ റയലിലേക്ക് മാറിയാല്‍ അത് ബാഴ്‌സയ്ക്ക് കനത്ത പ്രഹരമായിരിക്കുമെന്ന് സൂപ്പര്‍താരം മെസ്സി അഭിപ്രായപ്പെട്ടു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നെയ്മറേക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. എന്നാല്‍ റയലിന് അത് ഗുണം ചെയ്യുമെന്ന് സൂചിപ്പിക്കാനും മെസ്സി മറന്നില്ല.

“നെയ്മര്‍ റയലിലേക്ക് പോയാല്‍ അത് അതിഭീകരമായിരിക്കും. ലാലിഗയും ചാമ്പ്യന്‍സ് ലീഗും അദ്ദേഹം കരസ്ഥമാക്കിയത് ബാഴ്‌സയില്‍ നിന്നുകൊണ്ടാണ്. നെയ്മര്‍ റയിലില്‍ എത്തിയാല്‍ അത് റയലിനെ കരുത്തരാക്കും”, മെസ്സി പറഞ്ഞു.

എന്നാല്‍ ബാഴ്‌സയുടെ എക്കാലത്തേയും വൈരികളായ റയിലിനൊപ്പം പോകുന്നതിനെ വിലക്കുമോ എന്ന ചോദ്യത്തിന് മെസ്സി കൃത്യമായി മറുപടി പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ഉത്തരത്തില്‍ എന്താണുദ്ദേശിക്കുന്നത് എന്ന് വ്യക്തമായിരുന്നു. “ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചാല്‍ത്തന്നെ അവന് കാര്യം മനസിലാകും. ഞാന്‍ എന്താണ് ചിന്തിക്കുന്നതെന്ന് അവനറിയാം”, മെസ്സി പറഞ്ഞു.

ലോകകപ്പിനേക്കുറിച്ചും മെസ്സി വാചാലനായി. അര്‍ജന്റീനയുടെ ലക്ഷ്യം അവസാന നാലില്‍കുറഞ്ഞതൊന്നുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ളതല്ല, രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ലോകകപ്പില്‍ സംഭവിക്കുക എന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

DONT MISS
Top