ആഭാസം: കയ്യിലിരുന്ന് പൊട്ടുന്ന ഒരു നാടന്‍ബോംബ്

പ്രതീകാത്മക ചിത്രം

ജുബിത് നമ്രാഡത്തിന്റെ ആഭാസം വിദ്വംസകമായ രാഷ്ട്രിയ സിനിമയാണ്. സമകാലീന മലയാളിജീവിതത്തിന്റെ അവസ്ഥാചിത്രമാണ്. ചിത്രത്തിന്റെ ഞാന്‍ കണ്ടഏക പോരായ്മ അതു അതിന്റെ സന്ദേശം വേണ്ടതിലും അധികം ഉറക്കേ പച്ചക്കു പറയുന്നുണ്ടെന്നതുമാത്രമാണ് .

ചിത്രീകരണ സമയംമുതല്‍ ആഭാസം നേരിട്ട തടസ്സങ്ങള്‍ എന്തുകൊണ്ടെന്നു ചിത്രം ഗൌരവപൂര്‍വ്വം കാണുന്നയാര്‍ക്കും എളുപ്പം മനസ്സിലാവും. ആഭാസം എന്ന ചുരുക്ക പേരുതന്നെ ഇന്നത്തെ ഹിന്ദുത്വ അഴിഞ്ഞാട്ട കാലഘട്ടത്തില്‍ ഒരു തുറന്ന വെല്ലുവിളിയാണ്. ‘ആര്‍ഷ ഭാരത സംസ്‌കാരം’. പേരില്ലാത്ത ഒരു ബസ്സുലോഡ് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍. ഒപ്പം ‘ജനാധിപത്യം’ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ബസ്സുകളുടെ പേരുകള്‍ ഓരോന്നും കാച്ചിക്കുറുക്കിയ രാഷ്ട്രിയം. ഗാന്ധി, ജിന്ന, മാര്‍ക്‌സ്, അംബേദ്കര്‍.

അഭാസത്തിന്റെ കഥാസംഗ്രഹം അസാദ്ധ്യമാണ്. അതിന്റെ ഗണ നിര്‍ണയം അതിലും സങ്കിര്‍ണവും. അക്ഷരങ്ങളില്‍ വായനക്കാര്‍ക്കു പരിചയപ്പെടുത്തേണ്ടതുകൊണ്ടു ഞാന്‍ ചിത്രത്തെ ബഹുതല വായന അനുവദിക്കുന്ന രാഷ്ട്രീയമെന്ന് വിശേഷിപ്പിക്കുന്നുവെന്നു മാത്രം. പരിചരണത്തിന്റെ ശൈലിവച്ചു നിങ്ങള്‍ക്കു അഭാസത്തെ ഒരു റോഡ് സിനിമയായി സ്വീകരിക്കാം. ഒരു സാമൂഹിക ആക്ഷേപഹാസ്യമായോ, മലയാളിയുടെ സ്വത്വവിചാരണയായോ ആത്മവിമര്‍ശനമയോ ആസ്വദിക്കാം. നിങ്ങളോടു ചിത്രം സംവേദിക്കുന്നത് ഒരു ചിരിപ്പടമായോ കറുത്ത ഹാസ്യമായിട്ടാണങ്കില്‍, ക്ഷമിക്കണം, പ്രശ്‌നം നിങ്ങളുടെ പതിവ് അസ്വാദശീലമാകാം.

‘സിനിമാറ്റിക് സസ്‌പെന്‍സ്’ നല്ല സിനിമയുടെ അടിസ്ഥാന ഗുണവിശേഷമാണ്. അതുകൊണ്ടുദ്ദേശിക്കുന്നത് കഥ ഔദ്യോഗജനകമാവുക എന്നതല്ല. ദൃശ്യവ്യാഖ്യാനം അല്ലെങ്കില്‍ ദൃശ്യസന്നിവേശം സിനിമ എന്ന കലാരൂപത്തിന്റെ സവിശേഷമായ ചടുലത കൈവരിക്കുകയെന്നാണ്. ജുബിത് തന്റെ കന്നി സൃഷ്ടിയില്‍ അതു കൈവരിച്ചിരിക്കുന്നു. ആഭാസത്തിന്റെ തിരക്കഥാകൃത്തുകൂടിയായ അദ്ദേഹത്തിന്റെ മുഖ്യ സഹായികളായ ഛായാഗ്രഹകന്‍ പ്രസന്ന എസ് കുമാറും ഫിലിം എഡിറ്റര്‍ ഷമീര്‍ മുഹമ്മദും ഒപ്പമുയര്‍ന്നു പ്രവര്‍ത്തിക്കുന്നു. വാര്‍പ്പു മാതൃകള്‍ക്കു വഴാങ്ങത്ത വൈവിധ്യമാര്‍ന്ന ബംഗളുരു-തിരുവനന്തപുരം കോച്ചിലെ യാത്രക്കാരെ ജുബിത്തിന്റെ സങ്കല്‍പത്തിനൊത്ത് ഓരോ അഭിനേതാവും അഭിനയിച്ചു ഫലിപ്പിക്കുന്നു.

ആഭാസം കുറ്റമറ്റതാണെന്നല്ല പറഞ്ഞുവരുതുന്നത്. എല്ലാം പച്ചക്ക് വിളിച്ചുപറയേണ്ട എന്നതാണ്
ചലച്ചിത്രകലയുടെ ജനിതക സൌഭാഗ്യം. കാപട്യത്തിന്റെ കുമിളപൊട്ടിക്കാന്‍ കൊടുവാള്‍വേണ്ടല്ലോ? ബസ് യാത്രയുടെ ഒടുവില്‍ ആഭാസം ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന മാവോയിസ്റ്റ് കലാപകാരികളും ഇന്ത്യന്‍ ഭരണകൂടവും തമ്മിലുള്ള നീണ്ടകാല യുദ്ധത്തില്‍ കൃത്യമായി കലാപകാരികളുടെ പക്ഷം പിടിക്കുന്നു. എന്തുകൊണ്ട് എന്നതിനുള്ള ജുബിത്തിന്റെ ഉത്തരമാണ് ആഭാസം. അതു സാദ്ധ്യമാക്കിയ രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്ണിനോടും സഞ്ജു ഉണ്ണിത്താന്റെ സ്പയര്‍ പ്രൊഡക്ഷനോടും നല്ല സിനിമയെ സ്‌നേഹിക്കുകയും കാപട്യത്തെ വെറുക്കുകയുംചെയ്യുന്ന മലയാളികള്‍ എന്നും നന്ദിയുള്ളവരായിരിക്കും.

DONT MISS
Top