“എല്ലാ പ്രായത്തിലുമുള്ളവരെ ഒരുപോലെ ആവേശം കൊള്ളിക്കാന്‍ കഴിയുന്ന മറ്റൊരു നടന്‍ ബോളിവുഡിലോ മറ്റ് ഭാഷകളിലോ ഇല്ല”, മോഹന്‍ലാലിനെ വാനോളം പുകഴ്ത്തി രാജ്ദീപ് ലൈവ് റിവ്യൂ ടീം

അഭിനയ പ്രതിഭകളുടെ കുത്തൊഴുക്ക് കൊണ്ട് ഇന്ത്യയിലെ എല്ലാ സിനിമാ മേഖലകളേയും അതിശയിപ്പിച്ചിട്ടുണ്ട് മലയാള സിനിമ. മലയാളത്തിലെ നടീനടന്മാരെയും സംവിധായകരേയും മറ്റ് അണിയറ പ്രവര്‍ത്തകരേയും ബഹുമാനത്തോടെയാണ് മറ്റ് മേഖലകളിലുള്ളവര്‍ കാണുന്നതും. ഇപ്പോഴിതാ ബോളിവുഡിലെ പ്രമുഖ സിനിമാ റിവ്യൂ ടീമായ രാജ്ദീപ് ലൈവ് വാനോളം പുകഴ്ത്തുന്നത് മറ്റാരെയുമല്ല, സൂപ്പര്‍താരം മോഹന്‍ലാലിനെയാണ്.

മലയാളത്തിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്ദീപ് ലൈവിലെ രാജ് സേഗാളും ദീപും മനസുതുറന്നത്. അമേരിക്കയിലെ അറ്റ്‌ലാന്റെയില്‍ ജീവിക്കുന്ന ഇരുവര്‍ക്കും പഞ്ചാബ് വേരുകളുണ്ട്. ബോളിവുഡ് ചിത്രങ്ങള്‍ നിരൂപണം നടത്തി തുടക്കമിട്ട ഇവര്‍ പിന്നീട് ആകസ്മികമായാണ് പ്രാദേശിക ഭാഷാ ചിത്രങ്ങളിലേക്ക് കടന്നത്. പിന്നീട് ഇവരുടെ പ്രേക്ഷകര്‍ ആവശ്യപ്പെട്ടതനുസരിച്ച് മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ചിത്രങ്ങള്‍ കാണാനാരംഭിച്ചു. എന്നാല്‍ മോഹന്‍ലാല്‍ ചിത്രങ്ങളേക്കുറിച്ച് അവര്‍ വാചാലരായി.

രാംഗോപാല്‍ വര്‍മ ചിത്രം കമ്പനിയാണ് ആദ്യം കണ്ട മോഹന്‍ലാല്‍ ചിത്രം. പിന്നീട് പ്രേക്ഷകര്‍ ആവശ്യപ്പെട്ടതനുസരിച്ച് ദൃശ്യം കണ്ടു. ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ടാണ് കംപ്ലീറ്റ് ആക്ടര്‍ എന്ന വിശേഷണത്തിന് അദ്ദേഹം അര്‍ഹനാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇരുവര്‍, വാനപ്രസ്ഥം, കമലദളം എന്നീ ചിത്രങ്ങളിലെ ക്ലാസിക്കല്‍ കഥാപാത്രങ്ങളേക്കാള്‍ സ്ഫടികത്തിലെ ആടുതോമയെയാണ് ഇഷ്ടം. എല്ലാ പ്രായത്തിലുമുള്ളവരെയും ഒരുപോലെ ആവേശം കൊള്ളിക്കാന്‍ കഴിയുന്ന മറ്റൊരു നടന്‍ ബോളിവുഡിലോ മറ്റ് ഭാഷകളിലോ ഉണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. മോഹന്‍ലാലിനേക്കുറിച്ച് അവര്‍ മനസുതുറന്നു.

രാജ്ദീപ് ലൈവ് ചെയ്ത ‘തന്മാത്ര’ സിനിമയുടെ റിവ്യൂ കാണാം.

DONT MISS
Top