ശ്രീരാമ പട്ടാഭിഷേകത്തിലെ സീതയായി കഥകളി വേഷ പകര്‍ച്ചയില്‍ ചലച്ചിത്ര താരം അനുമോള്‍

എത്ര വലിയ സിനിമ തിരക്കിലും പതിവ് തെറ്റിക്കാതെ അരങ്ങില്‍ കഥകളി വേഷത്തില്‍ ചലച്ചിത്ര താരം അനുമോള്‍ എത്തി. ശ്രീരാമ പട്ടാഭിഷേകത്തിലെ സീതയായാണ് അനുമോളിന്റെ വേഷ പകര്‍ച്ച. കഥകളി പഠിക്കുന്ന കല്ലേ കുളങ്ങര കഥകളി ഗ്രാമത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തിലാണ് സീതയായി വേഷംകെട്ടി നിറഞ്ഞ ആസ്വാദന സദസ്സില്‍  അനുമോള്‍ പകര്‍ന്നാടിയത് .

പാലക്കാട് ചെമ്പൈ സംഗീത കോളെജായിരുന്ന വേദി. കലാമണ്ഡലം വെങ്കിട്ടരാമന്റെ കിഴിലാണ് സിനിമയ്ക്കൊപ്പം അനു മോളുടെ കഥകളി പഠനവും. കഥകളിയെ കൂടുതല്‍ ജനകീയമാക്കുക, സ്ത്രീകളെ കൂടുതല്‍ കഥകളി വേഷങ്ങളിലേക്ക് എത്തിക്കുക, എന്നതാണ് തന്റെയും കഥകളി ഗ്രാമത്തിന്റെയും ആഗ്രഹമെന്ന് അനുമോള്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.

കഥകളി വേദികളിലെ ആസ്വാദകരില്‍ ഭുരിപക്ഷം സ്ത്രീകളാണെങ്കിലും കഥകളി പഠനത്തിന് സ്ത്രീകള്‍ക്ക് വേദികള്‍ കുറവായ സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും അനുമോള്‍ പറയുന്നു. കലോത്സവ വേദികളെ മാത്രം ലക്ഷ്യം വച്ച്  പെണ്‍കുട്ടികള്‍ കഥകളി പഠിക്കുന്ന നിലവിലെ സാഹചര്യത്തില്‍ നിന്നും വിഭിന്നമാണ് കല്ലേ കുളങ്ങര കഥകളി ഗ്രാമം.

ആറാം ക്ലാസ് മുതല്‍ ജോലിയില്‍ നിന്ന് വിരമിച്ച സ്ത്രീകള്‍ ഉള്‍പ്പെടെ ഒരുപാട് പേര്‍ കഥകളി പഠനത്തിനായി ഇവിടെ എത്തുന്നുണ്ട്. കഥകളി എന്ന കലാരൂപത്തിലേക്ക് സ്ത്രീകള്‍ക്കായി കൂടുതല്‍ അവസരം നല്‍കുക എന്ന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കല്ലേ കുളങ്ങര കഥകളി ഗ്രാമത്തില്‍ 45 ഓളം സ്ത്രീകള്‍ നിലവില്‍ കഥകളി അഭ്യസിക്കുന്നുണ്ട്.

DONT MISS
Top