പുസ്തകവും കുപ്പായവും റെഡി.മേലാങ്കോട്ട് പ്രവേശനോത്സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി.

കാസര്‍ഗോഡ് : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പാഠപുസ്തക വിതരണവും കൈത്തറി വസ്ത്രവിതരണവും ജനകീയമായി സംഘടിപ്പിച്ച് മേലാങ്കോട്ട് സ്‌കൂള്‍ മാതൃകയായി.
സ്‌കൂള്‍ തുറക്കുമ്പോള്‍ പുത്തന്‍ ഉടുപ്പുകളും പാഠപുസ്തകങ്ങളുമായി കുട്ടികള്‍ വിദ്യാലയത്തിലെത്തണമെന്ന അധ്യാപക രക്ഷാകര്‍ത്തൃസമിതിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണമാണ് പരിപാടി ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കാന്‍ പ്രേരണയായത്.പാഠപുസ്തക വിതരണം മെയ് 10ന് തന്നെ പൂര്‍ത്തിയാക്കി. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലെ മുഴുവന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രണ്ട് സെറ്റ് കൈത്തറി വസ്ത്രങ്ങളാണ് ഈ വര്‍ഷം മുതല്‍ ആദ്യമായി വിതരണം ചെയ്യുന്നത്.എല്‍.പി.വിഭാഗം ആണ്‍കുട്ടികള്‍ക്ക് ട്രൗസറും ഷര്‍ട്ടും യു.പി.വിഭാഗത്തിന് പാന്റും തുന്നുന്നതിനാവശ്യമായ തുണിയാണ് വിതരണം ചെയ്യുന്നത്. യു.പി.വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്ക് പാന്റ്‌സും ഷര്‍ട്ടുമാണ് വേഷം. യു.പി.വിഭാഗം പെണ്‍കുട്ടികള്‍ക്ക് ചൂരിദാറിനുള്ള തുണിയാണ് നല്‍കിയത്. അവര്‍ക്ക് ഓവര്‍ കോട്ടുമുണ്ട്.എല്‍.പി.വിഭാഗത്തില്‍ ചൂരിദാര്‍ മാത്രമാണ് വേഷം.
മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂള്‍ കൈത്തറി വസ്ത്രവിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ നിര്‍വ്വഹിച്ചു.പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, മദര്‍ പി.ടി.എ.പ്രസിഡന്റ് രജനി.കെ.ജി., അധ്യാപകരായ ശ്രീകല. പി, സണ്ണി.കെ.മാടായി, ബിന്ദു കൂവക്കണ്ടത്തില്‍, സി. കുഞ്ഞികൃഷ്ണന്‍, ഗോപി അടമ്പില്‍ ,ജയന്‍.ജി.എന്നിവര്‍ പ്രസംഗിച്ചു.പി.ടി.എ.പ്രസിഡന്റ് അഡ്വ.പി.എന്‍.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.

DONT MISS
Top