ഐപിഎല്‍ 2018: വനിതാ ട്വന്റി20 ചലഞ്ച് ടീമിന്റെ ക്യാപ്റ്റന്‍മാരെ പ്രഖ്യാപിച്ച് ബിസിസിഐ

ഹര്‍മന്‍ പ്രീത് കൗര്‍, സ്മൃതി മന്ദാന

ദില്ലി: വനിതാ ഐപിഎല്‍ സംഘടിപ്പിക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഇത്തവണത്തെ ഐപിഎല്‍ പ്ലേ ഓഫിന് മുന്‍പ് നടത്താനിരിക്കുന്ന വനിതാ ട്വന്റി20 ചലഞ്ച് മത്സരത്തിനുള്ള ക്യാപ്റ്റന്‍മാരെ ബിസിസിഐ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരങ്ങളായ ഹര്‍മന്‍ പ്രീത് കൗറും സ്മൃതി മന്ദാനയുമാണ് ട്വന്റി20 എക്‌സിബിഷന്‍ മത്സരത്തില്‍ ടീമുകളെ നയിക്കുക.

ന്യൂസിലന്‍ഡിന്റെ സൂസി ബെയ്റ്റ്സ്, സോഫി ഡിവൈന്‍, ഓസീസ് താരങ്ങളായ എലിസെ പെരി, അലീസ ഹീലി, മെഗാന്‍ സ്‌കൂട്ട്, ബേത് മൂണി ഇംഗ്ലണ്ടിന്റെ ഡാനി വ്യാറ്റ്, ഡാനിയേല്‍ ഹേസല്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയുടെ മിതാലി രാജ്, ജുലന്‍ ഗോസ്വാമി, വേദ കൃഷ്ണമൂര്‍ത്തി എന്നീ താരങ്ങളും വനിതാ ട്വന്റി20 ചലഞ്ച് മത്സരത്തില്‍ അണിനിരക്കും. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

മെയ് 22 ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഉച്ചയ്ക്ക് 2.30 ഓടെ മത്സരം നടത്താനാണ് ബിസിസിഐയുടെ തീരുമാനം. ഓസ്ട്രേലിയയിലെ വനിതാ ബിഗ്ബാഷ് ലീഗിന് സമാന്തരമായി ഇന്ത്യയില്‍ വനിതാ ട്വന്റി20 ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. ട്വന്റി20 ചലഞ്ച് മത്സരത്തിലൂടെ വനിതാ ഐപിഎല്ലിലേക്കുള്ള സാധ്യത കൂടിയാണ് തുറക്കുന്നത്.

DONT MISS
Top