ഗംഭീര ട്രോളെന്ന് സോഷ്യല്‍ മീഡിയ; തെരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടക എംഎല്‍എമാരെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ക്ഷണിച്ച് കേരള ടൂറിസം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കര്‍ണാടക എംഎല്‍എമാരെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ക്ഷണിച്ച് കേരള ടൂറിസം. അധികാരത്തില്‍ എത്താന്‍ കര്‍ണാടകയില്‍ നാടകീയ രാഷ്ടീയ നീക്കങ്ങള്‍ അരങ്ങേറവേയാണ് എംഎല്‍എമാരെ ക്ഷണിച്ച് കേരള ടൂറിസം തങ്ങളുടെ ഒദ്യോഗിക ട്വിറ്റര്‍ പേജിലൂടെ രംഗത്തെത്തിയത്.

‘കഠിനമായ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എല്ലാ എംഎല്‍എമാരെയും ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും സുന്ദരവുമായ റിസോര്‍ട്ടിലേക്ക് ഞങ്ങള്‍ ക്ഷണിക്കുന്നു,’ എന്നാണ് കേരള ടൂറിസം ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്രോളാണോ പരസ്യമാണോ എന്ന് സംശയിക്കത്തക്ക തരത്തിലാണ് ട്വീറ്റ്.

നേരത്തെ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നേ കൂറുമാറുമെന്ന സംശയത്തെ തുടര്‍ന്ന് ഗുജറാത്തിലെ 46 കോണ്‍ഗ്രസ് എംഎല്‍എമാരെ കോണ്‍ഗ്രസ് നേതൃത്വം കര്‍ണാടകയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ബിജെപി, എംഎല്‍എമാരെ സ്വാധിനിക്കാന്‍ ശ്രമിക്കുന്നു എന്ന് കാട്ടിയായിരുന്നു നീക്കം.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ നാടകീയമായ രാഷ്ട്രീയനീക്കങ്ങള്‍ക്കാണ് കര്‍ണാടകം സാക്ഷ്യം വഹിക്കുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് നടത്തിയിരിക്കുന്ന നീക്കം രാഷ്ട്രീയലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജെഡിഎസിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് രംഗത്തുവന്നതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് ആക്കം കൂടിയിരിക്കുകാണ്.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ടാണ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങിയത്. എച്ച്ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത സോണിയ സഖ്യകക്ഷിചര്‍ച്ചകള്‍ തുടങ്ങിവെച്ചു. വാഗ്ദാനം നിമിഷങ്ങള്‍ക്കകം ജെഡിഎസ് സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് എച്ച്ഡി ദേവഗൗഡയുമായി ചര്‍ച്ച നടത്തി. ജെഡിഎസിന് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

DONT MISS
Top