കൊലപാതകക്കേസില്‍ സിദ്ദു കുറ്റവിമുക്തന്‍; 1000 രൂപ പിഴ മാത്രം വിധിച്ച് സുപ്രിംകോടതി

നവ്‌ജ്യോത് സിംഗ് സിദ്ദു

ദില്ലി: കൊലപാതകക്കേസില്‍ മുന്‍ ക്രിക്കറ്ററും പഞ്ചാബ് ടൂറിസം മന്ത്രിയുമായ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ സുപ്രിംകോടതി കുറ്റവിമുക്തനാക്കി. 30 വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരമോന്നത കോടതി 55 വയസുകാരനായ സിദ്ദുവിനെ ഇപ്പോള്‍ കുറ്റവിമുക്തനാക്കിയത്. പൊതുനിരത്തില്‍ ആളെ മര്‍ദ്ദിച്ചുവെന്ന കേസില്‍ സിദ്ദുവിന് കോടതി 1000 രൂപ പിഴ വിധിച്ചിട്ടുണ്ട്.

1988 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 65 വയസുകാരനായ ആളെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയെന്നായിരുന്നു സിദ്ദുവിനെതിരേയുള്ള കേസ്. സുപ്രിംകോടതി വിധി സിദ്ദുവിന് വലിയ ആശ്വാസമായിരിക്കുകയാണ്. 30 വര്‍ഷമായി സിദ്ദുവിനെ വേട്ടയാടിയ കേസായിരുന്നു ഇത്.

1988 ഡിസംബര്‍ 27 നായിരുന്നു സംഭവം. അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായി തിളങ്ങി നില്‍ക്കുകയായിരുന്നു സിദ്ദു. പാട്യാലയലിലെ റോഡ് വക്കില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സിദ്ധു 65 വയസുകാരനായ ഗുര്‍ണാം സിംഗിനെ സിദ്ദു മര്‍ദ്ദിച്ചുവെന്നും ആശുപത്രിയിലായ ഇയാള്‍ മരിച്ചുവെന്നുമാണ് കേസ്.

ഗുര്‍ണാം സിംഗ് മരിച്ചത് മര്‍ദ്ദനമേറ്റല്ലെന്നും ആശുപത്രിലായിരിക്കെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നുമായിരുന്നു സിദ്ദുവിന്റെ വാദം. ഇത് അംഗീകരിച്ച് വിചാരണക്കോടതി സിദ്ദുവിനെ കൊലപാതകക്കേസില്‍ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ 2006 ഡിസംബറില്‍ ചണ്ഡീഗഡ് ഹൈക്കോടതി ഈ വിധി റദ്ദാക്കുകയും കൊലക്കേസില്‍ സിദ്ദുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

ബിജെപി എംപിയായിരുന്ന സിദ്ദുവിന് ഹൈക്കോടതി വിധി വന്നതിനെ തുടര്‍ന്ന് എംപി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് വിധിക്കെതിരേ സിദ്ദു, സുപ്രിംകോടതിയെ സമീപിച്ചു. സുപ്രികോടതി സിദ്ദുവിന്റെ ശിക്ഷ റദ്ദു ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സിദ്ദുവിന് അമൃത്സര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കാന്‍ കഴിഞ്ഞു.

ഇതിനിടെ ബിജെപി പാളയം വിട്ട് കോണ്‍ഗ്രസിലെത്തിയ സിദ്ദു, പഞ്ചാബിലെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ ടൂറിസം മന്ത്രിയുമായി. കഴിഞ്ഞമാസമാണ് സിദ്ദു, ചണ്ഡീഗഡ് ഹൈക്കോടതി വിധി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജി പരിഹരിച്ചാണ് ജസ്റ്റീസ് ജെ ചെലമേശ്വറിന്റെയും എസ്‌കെ കൗളിന്റെയും ബെഞ്ച് സിദ്ദുവിനെ കൊലപാതകക്കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയത്.

DONT MISS
Top