റഷ്യന്‍ ലോകകപ്പ്: സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് പ്രമുഖ ടീമുകള്‍

മോസ്‌കോ: 2018 റഷ്യന്‍ ലോകകപ്പിനുള്ള സാധ്യത ടീമിനെ പ്രഖ്യാപിച്ച് പ്രമുഖ ടീമുകള്‍ രംഗത്തെത്തി. അര്‍ജന്റീന, ബ്രസീല്‍, ക്രൊയേഷ്യ, ഈജിപ്ത്, പോര്‍ച്ചുഗല്‍, ദക്ഷിണ കൊറിയ, ഇറാന്‍ എന്നീ ടീമുകളാണ് അടുത്തമാസം ആരംഭിക്കുന്ന ലോകകപ്പ് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്.

വമ്പന്‍ താരങ്ങളോടൊപ്പം ഇന്റര്‍ മിലാന്റെ മൗറി ഇകാര്‍ഡിയെയും, യുവന്റസിന്റെ പൗലോ ഡിബാലയെയും ഉള്‍പ്പെടുത്തി അര്‍ജന്റീനയ്ക്കായി 35 അംഗ ടീമിനെയാണ് പരിശീലകന്‍ ഹോര്‍ജെ സാംപോളി പ്രഖ്യാപിച്ചത്. 2013 ല്‍ അരങ്ങേറ്റം കുറിച്ചെങ്കിലും 25 കാരനായ ഇകാര്‍ഡി നാല് തവണ മാത്രമാണ് അര്‍ജന്റീനക്കായി കളത്തിലിറങ്ങിയത്. ലയണല്‍ മെസ്സിക്കൊപ്പം ഗൊണ്‍സ്വാലോ ഹിഗ്വെയ്ന്‍, ഇകാര്‍ഡി, ഡിബാല, ദ്യോഗോ പെറോട്ടി, സെര്‍ജിയോ അഗ്വേറോ, മാര്‍ടിനെസ് എന്നിവര്‍ മുന്നേറ്റത്തില്‍ ഇടംനേടിയപ്പോള്‍, സെര്‍ജിയോ റൊമേറ, വില്‍ഫ്രഡ് കബെയ്യറോ, നഹുവേല്‍ ഗുസ്മാന്‍ എന്നിവര്‍ക്കൊപ്പം റിവര്‍പ്ലേറ്റിന്റെ ഫ്രാങ്കോ അര്‍മാനിയെയും ഗോള്‍വല കാക്കാനായി സാംപോളി തെരഞ്ഞെടുത്തു. ഗബ്രിയേല്‍ മെകാഡോ, ഹാവിയന്‍ മഷെറാനോ, നിക്കോളസ് ഒട്ടമെന്‍ഡി എന്നിവരടങ്ങുന്ന പ്രതിരോധ നിരയോടൊപ്പം മധ്യനിരയില്‍ ഏഞ്ചല്‍ ഡി മരിയ, എന്‍സോ പെരസ്, പാബ്ലോ പെരസ് എന്നിവരും കൂടി ചേരുന്നു.

അര്‍ജന്റീനയെപ്പോലെ 35 അംഗ സാധ്യതാ ടീമിനെയാണ് ഇറാനും പ്രഖ്യാപിച്ചത്. മസൂദ് ശൊജായിയും ഇഹ്സാന്‍ ഹാജി സാഫിയും ഡച്ച് ക്ലബ് അല്‍ കമാറിന് വേണ്ടി കളിക്കുന്ന അലി റെസാ ജഹന്‍ഭഖ്ഷിലും ടീമില്‍ ഇടംപിടിച്ചു. ഇസ്രായേലി ക്ലബിനെതിരെ കളിച്ചതിന്റെ പേരില്‍ വിലക്ക് നേരിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മസൂദും സാഫിയും സാധ്യതാ ലിസ്റ്റില്‍ കയറുന്നത്. അതേസമയം ഡച്ച് ക്ലബിന് വേണ്ടി 21 ഗോളുകള്‍ നേടിയ അലി റെസാ ഒരു യുറോപ്യന്‍ ലീഗിലെ ഗോള്‍വേട്ടയില്‍ ഒന്നാമതെത്തുന്ന ആദ്യ ഏഷ്യന്‍ താരമാണ്. പോര്‍ച്ചൂഗീസുകാരനായ കാര്‍ലോസ് ക്വയ്റോസാണ് ഇത്തവണയും ടീമിനെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷമായി കാര്‍ലോസ് ടീമിനൊപ്പമുണ്ട്. സ്പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നിവരടങ്ങിയ ഗ്രൂപ്പ് ബിയിലാണ് ഇറാന്‍. അടുത്ത മാസം 15ന് മൊറോക്കോയ്ക്കെതിരെയാണ് അവരുടെ ആദ്യ മത്സരം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റിക്കാര്‍ഡോ ക്വരേസ്മ, പെപെ, നെല്‍സണ്‍ സെമാഡോ, എന്നിവരടങ്ങുന്ന 35 അംഗ സാധ്യതാ ടീമാണ് പോര്‍ച്ചുഗലിന്റേത്. റെനെറ്റോ സാഞ്ചസിനെ ഒഴിവാക്കിയാണ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് ടീമിനെ ഒരുക്കിയിരിക്കുന്നത്. ജാവോ കാന്‍സെലോ, റാഫേല്‍ ഗ്വിറേറോ, റൂബന്‍ നെവെസ്, വില്യം കാര്‍വാലോ, അന്ദ്രേ സില്‍വ, ജാവോ മരിയ, ജാവോ മോട്ടിന്യോ, ആന്ദ്രേ ഗോമസ്, എഡര്‍, ഗോളി റൂയി പെട്രീഷ്യ എന്നീ പ്രധാന താരങ്ങളെല്ലാം ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഗ്രൂപ്പ് ബിയില്‍, സ്‌പെയിന്‍, മൊറോക്കോ, ഇറാന്‍ എന്നിവര്‍ക്കൊപ്പമാണ് പോര്‍ച്ചുഗലിന്റെ മത്സരങ്ങള്‍.

മധ്യനിര താരങ്ങളായ ലൂക്കാ മോഡ്രിച്ച്, ഇവാന്‍ റാകിടിച്ച്, എന്നിവരുള്‍പ്പെടുന്ന 32 അംഗ ടീമിനെയാണ് ക്രൊയേഷ്യ പ്രഖ്യാപിച്ചത്. ഇവര്‍ക്ക് പുറമെ മുന്നേറ്റത്തില്‍ മരിയോ മാന്‍ഡുസൂകിച്ചിനെയും പ്രതിരോധത്തില്‍ ഡെജാന്‍ ലോവ്റന്‍, വെഡ്രാന്‍ കോര്‍ലുക്ക എന്നിവരും അണിനിരക്കുന്നു. ഡാനിയേല്‍ സുഭാസിച്ച്, ലോവ്രെ കലിനിച്ച് തുടങ്ങിയവരാണ് ഗോള്‍കീപ്പര്‍മാര്‍. അര്‍ജന്റീന, ഐസ്ലന്‍ഡ്, നൈജീരിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ക്രൊയേഷ്യ. കോച്ച് സ്ലാട്കോ ഡാലിച്ച് പരിശീലിപ്പിക്കുന്ന ക്രൊയേഷ്യയുടെ ആദ്യ മത്സരം ജൂണ്‍ 16 ന് നൈജീരിയക്കെതിരെയാണ്.

അതേസമയം 30 അംഗ സാധ്യതാ ടീമിനെയാണ് നൈജീരിയ പ്രഖ്യാപിച്ചത്. ചെല്‍സിയുടെ വിക്ടര്‍ മോസസ്, ആഴ്സണല്‍ താരം അലക്സ് ഇവോബി, ലെസ്റ്റര്‍ സിറ്റി താരങ്ങളായ കെലേച്ചി ഇഹിയിനാച്ചോ, വില്‍ഫ്രെഡ് എന്റിഡി തുടങ്ങിയവര്‍ അണിനിരക്കുന്ന ടീമിനെ കഴിഞ്ഞ ദിവസമാണ് ജര്‍മ്മന്‍ പരിശീലകന്‍ ഗെര്‍നോട്ട് റോഹര്‍ പ്രഖ്യാപിച്ചത്. ഡിപോര്‍ട്ടിവോ ലാ കൊറൂണയുടെ ഫ്രാന്‍സിസ് ഉസോഹോയാണ് ടീമിലെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍.

29 കളിക്കാരുള്‍പ്പെടുന്ന സാധ്യതാ ടീമാണ് ഈജിപ്തിന്റേത്. സൂപ്പര്‍ താരം മുഹമ്മദ് സലാ നയിക്കുന്ന ടീമില്‍ നാല്‍പ്പത്തഞ്ചുകാരനായ ഹദാരിയും, പരുക്കിന്റെ പിടിയിലായിരുന്ന മുഹമ്മദ് എല്‍ നെനിയും ഉള്‍പ്പെടുന്നു. അതേസമയം ലീ സിയുങ്‌വൂ, ലീ ചങ്‌യോങ് എന്നീ മുതിര്‍ന്ന താരങ്ങളുള്‍പ്പെടുന്ന 28 അംഗ ടീമിനെ ദക്ഷിണ കൊറിയയും പ്രഖ്യാപിച്ചു. മധ്യനിര താരമായ കിസങ്‌യുങാകും നായകന്‍. ഷിന്‍ താ യൗങ് പരിശീലിപ്പിക്കുന്ന ടീമില്‍ ടോട്ടനം ഹോട്‌സ്പറിന്റെ സണ്‍ ഹ്യുങ്മിനാണ് ശ്രദ്ധാകേന്ദ്രം.

DONT MISS
Top