പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സിബിഐയുടെ കുറ്റപത്രം

നീരവ് മോദി

മുംബൈ: വജ്രവ്യവസായി നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചൊക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ നിന്ന് 13,000 കോടിയോളം രൂപ തട്ടിച്ച കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള സമയപരിധിയായ 90 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് സിബിഐയുടെ നീക്കം. കേസില്‍ ഇതുവരെ അറസ്റ്റിലായ 19 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നീരവ് മോദിയുടെ അമ്മാവന്‍ മെഹുല്‍ ചൊക്‌സിക്കെതിരെ പ്രത്യേക കുറ്റപത്രം സമര്‍പ്പിക്കാനാണ് സിബിഐയുടെ തീരുമാനം. നീരവ് മോദിയും മെഹുല്‍ ചൊക്സിയും ഇപ്പോള്‍ ഒളിവിലാണ്.

2015 മുതല്‍ 2017 വരെ പിഎന്‍ബി എംഡിയും സിഇഒയുമായിരുന്ന ഉഷ അനന്തസുബ്രഹ്മണ്യന്‍, പിഎന്‍ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെവി ബ്രഹ്മാജി റാവു, സഞ്ജീവ് ശരണ്‍, ജനറല്‍ മാനേജര്‍ നെഹാല്‍ അഹദ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഉഷ ഇപ്പോള്‍ അലഹബാദ് ബാങ്കിന്റെ സിഇഒ, എംഡി സ്ഥാനങ്ങള്‍ അലങ്കരിക്കുകയാണ്.

വിദേശത്ത് നിന്ന് വായ്പ എടുക്കുന്നതിനുള്ള ജാമ്യപത്രം (ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ്) വിതരണം ചെയ്യുന്നതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പിഎന്‍ബി ഉദ്യോഗസ്ഥര്‍ പാലിച്ചില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു.  നീരവ് മോദിയുടെ ഭാര്യ അമി മോദി, സഹോദരന്‍ നിഷാല്‍ മോദി, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി അനുബന്ധകുറ്റപത്രം ഈയാഴ്ച അവസാനം സമര്‍പ്പിക്കുമെന്നാണ് വിവരം.

വ്യാജ ജാമ്യപ്പത്രങ്ങള്‍ വഴി ബാങ്കില്‍ നിന്നും 13,000 കോടിയോളം രൂപ നീരവും അമ്മാവന്‍ മെഹുല്‍ ചൊക്‌സിയും ചേര്‍ന്ന് തട്ടിച്ച സംഭവം ഫെബ്രുവരിയിലാണ് പുറംലോകം അറിഞ്ഞത്. സംഭവം പുറത്തുവരുന്നതിന് മുന്‍പ് ജനുവരിയില്‍ തന്നെ നീരവും കുടുംബവും രാജ്യം വിട്ടിരുന്നു.

DONT MISS
Top