മുംബൈ ഭീകരാക്രമണം: മലക്കംമറിഞ്ഞ് നവാസ് ഷെരീഫ്, തന്റെ പ്രസ്താവന ഇന്ത്യന്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് വിശദീകരണം

നവാസ് ഷെരീഫ്

കറാച്ചി: മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള തന്റെ പ്രസ്താവന ഇന്ത്യന്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെയാണ് നടന്നതെന്ന് കഴിഞ്ഞ ദിവസമാണ് ഒരു പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഷെരീഫ് വ്യക്തമാക്കിയത്. എന്നാല്‍ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതാക്കളടക്കം നവാസിനെതിരെ രംഗത്തെത്തിയിരുന്നു.

തന്റെ പ്രസ്താവന ഇന്ത്യന്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ വസ്തുതകള്‍ മനസ്സിലാക്കുന്നതിന് മുന്‍പ് പാകിസ്താനിലെ സാമൂഹ്യമാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും അതിനൊപ്പം നിന്നു, നവാസിന്റെ വാക്താവ് അറിയിച്ചു. അതേസമയം പ്രസ്താവനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദേശീയ സുരക്ഷാ സമിതിയുടെ ഉന്നതതല യോഗം വിളിക്കാനിരിക്കെയാണ് പ്രസ്താവന തിരുത്തി നവാസ് രംഗത്തെത്തിയത്.

നേരത്തെ ‘ഡോണ്‍’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് 2008 ലെ മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെ തീവ്രവാദി സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന കാര്യം നവാസ് ഷെരീഫ് സമ്മതിച്ചത്. 2008 നവംബര്‍ 26 മുതല്‍ മൂന്ന് ദിവസം മുംബൈയിലെ 10 ഇടങ്ങളില്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ നടത്തിയ ഭീകരാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 166 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ ആക്രമണം പാകിസ്താന്‍ സര്‍ക്കാരിന്റെ അറിവോടെ പാക് ഭീകരര്‍ നടപ്പാക്കിയതാണെന്ന് സംഭവമുണ്ടായപ്പോള്‍ മുതല്‍ ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ഇത് നിഷേധിക്കുന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഭീകരാക്രമണത്തെകുറിച്ച് വ്യക്തമായ ധാരണ പാക് ഭരണകൂടത്തിനുണ്ടായിരുന്നുവെന്ന തുറന്നുപറച്ചിലാണ് മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ മുസ്ലിം ലീഗ് നേതാവുമായ നവാസ് ഷെരീഫ് നടത്തിയിരിക്കുന്നത്.

പാകിസ്താനില്‍ തീവ്രവാദി സംഘടനകള്‍ വളരെ സജീവമാണെന്ന കാര്യവും നവാസ് ഷെരീഫ് സമ്മതിച്ചു. എന്നാല്‍ ഇവരെ അതിര്‍ത്തി കടന്ന് മുംബൈയിലെത്തി ആക്രമണം നടത്താന്‍ അനുവദിച്ചത് തെറ്റായിപ്പോയെന്ന് ഷെരീഫ് പറഞ്ഞു. തീവ്രവാദികളെ നിയന്ത്രിക്കുന്നതിന് പാകിസ്ഥാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്നും ഷെരീഫ് സമ്മതിച്ചു. 2008-ല്‍ മുംബൈ ആക്രമണം നടക്കുമ്പോള്‍ ഷെരീഫിന്റെ എതിരാളികളായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ആണ് പാകിസ്താനില്‍ ഭരണം നടത്തിയിരുന്നത്. യൂസഫ് റാസ ഗിലാനി പ്രധാനമന്ത്രിയും ആസിഫ് അലി സര്‍ദാരി പ്രസിഡന്റുമായിരുന്നു. മുംബൈയിലെ ആക്രമണത്തിന് സഹായം ചെയ്തതിന് അന്നത്തെ ഭരണകൂടം ഉത്തരം നല്‍കേണ്ടതാണ്. എന്തുകൊണ്ടാണ് ഈ ആക്രമണത്തില്‍ വിചാരണ പൂര്‍ത്തിയാക്കാത്തതെന്നും നവാസ് ഷെരീഫ് ചോദിച്ചു.

ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബാറോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് പാകിസ്താനില്‍ നിന്നെത്തിയ പത്ത് ഭീകരര്‍ ആക്രമണം നടത്തിയത്. ഇതില്‍ കസബ് ഒഴികെയുള്ളവര്‍ മുംബൈ പൊലീസിന്റെയും സൈന്യത്തിന്റെ പ്രത്യേക ദൗത്യസേനയുടെയും പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കസബിനെ പിന്നീട് തൂക്കിക്കൊന്നു.

DONT MISS
Top