ഭഗത്‌സിംഗ് വിളിച്ചത് വന്ദേമാതരമോ ഇന്‍ക്വിലാബ് സിന്ദാബാദോ? ബിജെപിയുടെ വാദത്തിന്റെ ചരിത്രപരത പരിശോധിക്കാം

ചരിത്ര വിരുദ്ധത സമകാലിക രാഷ്ട്രീയ വ്യവഹാരങ്ങളുടെ ഒരു പ്രധാന ചേരുവയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി മുതല്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ വരെ ചരിത്രത്തെ തലതിരിച്ച് വായിക്കുന്നു. ഇത് കേവല വിവരക്കേട് മാത്രമായി അവഗണിക്കാവുന്നതല്ല. ചരിത്രത്തെ തങ്ങളുടെ സൗകര്യാര്‍ത്ഥം വളച്ചൊടിച്ച് പുനരവതിരിപ്പിക്കുന്ന രാഷ്ട്രീയ കൗശലമാണിത്. ദേശീയ പ്രതീകങ്ങളെ തങ്ങളുടേതാക്കാനുള്ള ബുദ്ധി. ഭഗത്‌സിംഗിനെ നെഹ്‌റു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിച്ചില്ല എന്ന ദുരാരോപണത്തിന്റെ പൊള്ളത്തരം ആധികാരികമായി ഇതിനോടകം തുറന്നുകാട്ടപ്പെട്ടുകഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഭഗത്‌സിംഗ് വിളിച്ചത് ഇന്‍ക്വിലാബ് സിന്ദാബാദ് അല്ല വന്ദേമാതമാണെന്ന പുതിയ കണ്ടെത്തല്‍ ബിജെപി നേതാക്കള്‍ അവതരിപ്പിക്കുന്നത്. ഈ വാദത്തിന്റെ ചരിത്രപരത പരിശോധിക്കുകയാണ് ഇവിടെ.

1928 ഏപ്രില്‍ എട്ടാം തീയതിയാണ് ഭഗത്‌സിംഗും ബാദുകേശ്വര്‍ ദത്തയും സെന്‍ട്രല്‍ അസംബ്ലി ഹാളിലേക്ക് ( ഇന്നത്തെ പാര്‍ലമെന്റ്) വീര്യം തീരെക്കുറഞ്ഞ ബോംബുകള്‍ എറിഞ്ഞത്. ഇന്‍ക്വിലാബ് സിന്ദാബാദ്, സാമ്രാജ്യവാദ് കാ നാശ് ഹോ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഈ പ്രതിഷേധമെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ബോംബെറിയുക മാത്രമല്ല ഇരുവരും ചെയ്തത്. ‘ബധിരരായവരെ കേള്‍പ്പിക്കാന്‍’ എന്ന തലക്കെട്ടിലുള്ള ലഘുലേഖ അസംബ്ലി ഹാളില്‍ വിതറുകയും ചെയ്തു. അതേദിവസം പുറത്തിറങ്ങിയ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഈവനിംഗ് എഡിഷന്‍ ആ ലഘുലേഖ പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ കുറിപ്പിലെ അവസാന വാചകങ്ങള്‍ ഇങ്ങനെയാണ്. “വിപ്ലവത്തിന്റെ അള്‍ത്താരയില്‍ ചോര ചൊരിയല്‍ അനിവാര്യമാണ്. മനുഷ്യനെ മനുഷ്യന്‍ ചൂഷണം ചെയ്യുന്ന വ്യവസ്ഥയില്‍ നിന്ന് അത് മോചനം നല്‍കും. ഇങ്ക്വിലാബ് സിന്ദാബാദ്”.

ഇന്ത്യന്‍ സ്വാതന്ത്ര്യചരിത്രത്തിലെ നിര്‍ണായക നിമിഷമെന്നാണ് ചരിത്രകാരനും ഭഗത്‌സിംഗ് സമ്പൂര്‍ണ കൃതികളുടെ എഡിറ്ററുമായ ചമന്‍ലാല്‍ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. മുദ്രാവാക്യത്തില്‍ ഭാഷാപരമായി ഉണ്ടായ മാറ്റത്തിലുപരി ദേശീയപ്രസ്ഥാനത്തിന് ആദിമ ഹിന്ദു ദേശീയതയില്‍ നിന്ന് മതേതര സോഷ്യലിസ്റ്റ് പരിപ്രേക്ഷ്യം കൈവന്ന നിമിഷമാണിതെന്ന് ചമന്‍ലാല്‍ വിശദീകരിക്കുന്നു. ഭഗത്‌സിംഗിന്റെ ജയില്‍ നോട്ട്ബുക്കില്‍ നിന്നും ‘എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി’ എന്ന ലഘുലേഖയില്‍ നിന്നും എന്താണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ അവബോധമെന്ന് വ്യക്തവുമാണ്.

ഭഗത്‌സിംഗും ബാദുകേശ്വര്‍ ദത്തയും

മോഡേണ്‍ റിവ്യൂവിന്റെ എഡിറ്റര്‍ രാമാനന്ദ് ചാറ്റര്‍ജി ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യത്തെ പരിഹസിച്ച് ലേഖനമെഴുതിയിരുന്നു. ജയിലില്‍ കിടന്നിരുന്ന ഭഗത്‌സിംഗ് ഇതിനുള്ള മറുപടി തയ്യാറാക്കി മജിസ്‌ട്രേറ്റ് മുഖേന മോഡേണ്‍ റിവ്യൂവിന് നല്‍കി. 1929 ഡിസംബര്‍ 24ന് ഇറങ്ങിയ ട്രിബ്യൂണ്‍ ദിനപ്പത്രം ഭഗത്‌സിംഗിന്റെ മറുപടി സമ്പൂര്‍ണമായി പ്രസിദ്ധീകരിച്ചു. ‘വിപ്ലവം ജയിക്കട്ടെ’ എന്ന മുദ്രാവാക്യത്തിലെ ‘വിപ്ലവം’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് നല്ല നാളേക്ക് വേണ്ടിയുള്ള മാറ്റം എന്നാണെന്ന് ഭഗത്‌സിംഗ് വിശദീകരിക്കുന്നു. മറുപടിയുടെ അവസാന ഖണ്ഡിക ഇങ്ങനെയാണ്.
“അലസമായി മുന്നേറുന്ന ദേശീയ പ്രസ്ഥാനം വിപ്ലവബോധം കൊണ്ട് ഊര്‍ജസ്വലമാകേണ്ടതുണ്ട്. വിപ്ലവബോധം മാനവികതയെ ചൈതന്യവത്താക്കുന്നു. നിലവിലെ വ്യവസ്ഥ മാറേണ്ടതുണ്ട്. സമത്വമുള്ള പുതിയ വ്യവസ്ഥ വരേണ്ടതുണ്ട്. ആ അര്‍ത്ഥത്തിലാണ് ഞങ്ങള്‍ ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചത്”.

വധശ്രമവും എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റന്‍സസ് ആക്ടും ചുമത്തി എടുത്ത കേസിന്റെ വിചാരണാവേളയില്‍, എന്തുകൊണ്ട് ഇങ്ക്വിലാബ് സിന്ദാബാദ് മുഴക്കിയെന്ന് ഭഗത്‌സിംഗും ബികെ ദത്തയും വിശദീകരിക്കുന്നുണ്ട്. സെഷന്‍സ് കോടതിയില്‍ എഴുതി നല്‍കിയ സ്‌റ്റേറ്റ്‌മെന്റില്‍ ഇങ്ങനെ പറയുന്നു. “അനീതിയില്‍ അധിഷ്ഠിതമായ നിലവിലെ വ്യവസ്ഥ മാറ്റുക എന്നതാണ് ഞങ്ങള്‍ വിപ്ലവം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായാലും വിപ്ലവത്തിന്റെ സത്ത ഉള്‍ക്കൊണ്ട് കൊണ്ട് തൊഴിലാളി വര്‍ഗത്തിന്റെ സര്‍വാധിപത്യം വരും. അതാണ് ഞങ്ങളുടെ ആദര്‍ശവും പ്രചോദനവും. വിപ്ലവം മനുഷ്യരാശിയുടെ അവകാശമാണ്. സ്വാതന്ത്ര്യം മനുഷ്യന്റെ ജന്‍മാവകാശമാണ്. ഈ ആദര്‍ശത്തിന് വേണ്ടി എന്ത് സഹനത്തിനും ഞങ്ങള്‍ ഒരുക്കമാണ്. വിപ്ലവം ജയിക്കട്ടെ”.

1931 ഫെബ്രുവരി രണ്ടിന് ജയിലില്‍ നിന്ന് എഴുതിയ ‘ടു യങ് പൊളിറ്റിക്കല്‍ വര്‍ക്കേഴ്‌സ്’ എന്ന ലഘുലേഖയിലാണ് ഭഗത്‌സിംഗ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ കൃത്യമായി നിര്‍വചിച്ചിരിക്കുന്നത്. ലഖക്‌നൗവിലെ മാര്‍ട്ടിയേഴ്‌സ് മെമ്മോറിയല്‍ ആന്റ് ഫ്രീഡം സ്ട്രഗിള്‍ റിസര്‍ച്ച് സെന്ററില്‍ ഈ രേഖയുടെ പകര്‍പ്പ് സൂക്ഷിച്ചിട്ടുണ്ട്. തന്റെ വിപ്ലവ കാഴ്ചപ്പാടിന് മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളോടുള്ള ആഭിമുഖ്യം അദ്ദേഹം വെളിവാക്കുന്നുണ്ട്.” The government machinery is just a weapon in the hands of the ruling class to further and safeguard its interest. We want to snatch and handle it to utilise it for the consummation of our ideal, ie , the social recontsruction on new ie Marxist basis. For this purpose we are fighting to handle the government machinery.” ‘Long live revolution എന്ന മുദ്രാവാക്യത്തോടെയാണ് ഈ ലഘുലേഖ അവസാനിക്കുന്നത്.

ലഹോറിലെ ദ്വാരകാദാസ് ലൈബ്രറിയില്‍ നിന്നാണ് ഭഗത്‌സിംഗ് മാര്‍ക്‌സിസ്റ്റ് സാഹിത്യം പരിചയിക്കുന്നത്. ഖദ്ദറൈറ്റ് വിപ്ലവകാരികളുടെ സ്വാധീനത്തിലായിരുന്നു ഭഗത്‌സിംഗിന്റെ രാഷ്ട്രീയ വിദ്യാഭ്യാസം. തുടര്‍ന്ന് കാണ്‍പൂരിലെത്തിയപ്പോള്‍ ആദ്യകാല കമ്മ്യൂണിസ്റ്റുകളായ രാധാമോഹന്‍ ഗോകുല്‍ജി, ഷൗക്കത്ത് ഉസ്മാനി, മുസഫര്‍ അഹമ്മദ് തുടങ്ങിയവരുമായുള്ള പരിചയം അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതില്‍ പങ്ക് വഹിച്ചു. ഭഗത്‌സിംഗ് ഹിന്ദു ദേശീയതയോട് ഒരു ഘട്ടത്തിലും ആഭിമുഖ്യം പുലര്‍ത്തിയിട്ടില്ലെന്ന് ദില്ലിയിലെ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ജയില്‍ ഡയറിയും ലഘുലേഖകളും സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം രാഷ്ട്രീയത്തെ ഇത്രയും കൃത്യമായി രേഖപ്പെടുത്തിയ ഒരാളെയാണ് ഇപ്പോള്‍ ഹിന്ദു ദേശീയവാദിയാക്കാന്‍ ശ്രമിക്കുന്നത് എന്നതാണ് ചരിത്രപരമായ അസംബന്ധം.

DONT MISS
Top