‘എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ആശങ്കപ്പെടേണ്ട, നിങ്ങള്‍ അവധി ആസ്വദിക്കൂ’; പാര്‍ട്ടി പ്രവര്‍ത്തകരോട് സിദ്ധരാമയ്യ

സിദ്ധരാമയ്യ

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടി പ്രവര്‍ത്തകരോട് അവധി ആസ്വദിക്കാന്‍ ആവശ്യപ്പെട്ട് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്‌സിറ്റ് പോള്‍ ഫലങ്ങളെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അടുത്ത രണ്ട് ദിവസത്തേക്കുള്ള വിനോദം മാത്രമാണ്. അതിനെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ട, നിങ്ങള്‍ ശാന്തരായിരുന്ന് അവധി ആസ്വദിച്ചാലും, സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. വന്‍ ഭൂരിപക്ഷത്തോടുകൂടി കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

അതേസമയം കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നാവര്‍ത്തിച്ച് ബിഎസ് യെദ്യൂരപ്പ വീണ്ടും രംഗത്തെത്തി. 120 ല്‍ കൂടുതല്‍ സീറ്റുകളില്‍ പാര്‍ട്ടി വിജയിക്കുമെന്നും, സിദ്ധരാമയ്യയുടെ കാലാവധി അവസാനിച്ചെന്നും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായ യെദ്യൂരപ്പ പറഞ്ഞു.

ഇന്നലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലത്തില്‍ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് ഏറെയും. കോണ്‍ഗ്രസിനോ ബിജെപിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ജനതാദള്‍ എസ് നിര്‍ണായകമാകുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

DONT MISS
Top